ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ സംഘടിപ്പിച്ച റെസ്യൂം ബിൽഡിങ് വർക്ക്ഷോപ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മത്സരാധിഷ്ഠിത തൊഴിൽ വിപണിയിലെ സാധ്യതകൾക്കും പ്രവണതകൾക്കും അനുസൃതമായി നൂതനശൈലിയിൽ മികച്ച ബയോഡേറ്റകൾ തയാറാക്കുന്നതു സംബന്ധിച്ച് തൊഴിലന്വേഷകർക്ക് വിദഗ്ധ മാർഗനിർദേശങ്ങൾ നൽകുന്നതായിരുന്നു ശിൽപശാല. യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ എഴുപതിലേറെ പേർ പങ്കെടുത്തു.
ജോലി അപേക്ഷകർക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും തൊഴിൽ പരിചയവും ഉയർത്തിക്കാട്ടി തൊഴിൽദാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ഫലപ്രദമായ റെസ്യൂമുകൾ നിർമിക്കുന്നതിനുള്ള മാർഗങ്ങൾ പങ്കുവെച്ച ശിൽപശാലക്ക് പ്രശസ്ത കരിയർ ഗൈഡ് സക്കീർ ഹുസൈൻ നേതൃത്വം നൽകി. എ.ടി.എസ് സൗഹൃദ (ആപ്ലിക്കൻറ് ട്രാക്കിങ് സിസ്റ്റം) ബയോഡേറ്റ തയാറാക്കുന്നതിനുള്ള മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചു.
തൊഴിൽ അഭിമുഖങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള വഴികൾ, ലിങ്ക്ഡ് ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ പ്രൊഫൈലുകൾ ഒരുക്കുന്നതിനുള്ള രീതികൾ, കവർ ലെറ്റർ തയാറാക്കൽ, ചാറ്റ് ജി.പി.ടിപോലുള്ള അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റെസ്യൂം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ദിശാബോധം നൽകുന്നതായിരുന്നു ശിൽപശാല. കെയർ എക്സിക്യൂട്ടിവ് അംഗം റഷാദ് മുബാറക് അമാനുല്ല പരിപാടി നിയന്ത്രിച്ചു. കെയർ ആക്ടിങ് ഡയറക്ടർ അഹമദ് അൻവർ അധ്യക്ഷത വഹിച്ചു. കെയർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നസീം, ഷക്കീബ്, ജാസിദ്, ഷംസീർ എന്നിവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകുന്നതിന് യൂത്ത് ഫോറം ഖത്തറിന്റെ സംരംഭമാണ് കെയർ. കെയർ ദോഹയുടെ ഭാവി പരിപാടികളെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയാൻ 33302213 എന്ന നമ്പറിൽ ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.