ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു. തൊഴിൽ അന്വേഷണ മാർഗങ്ങൾ, അന്വേഷണ രീതി, തൊഴിൽ അഭിമുഖങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ മാർഗനിർദേശങ്ങൾ നൽകുന്നതായിരുന്നു ശിൽപശാല. യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ 50ൽ ഏറെപേർ പങ്കെടുത്തു.
ജോലി അപേക്ഷകർക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും തൊഴിൽപരിചയവും ഉയർത്തിക്കാട്ടി തൊഴിൽദാതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിൽ അഭിമുഖങ്ങളിൽ മികച്ച നിലവാരം കാഴ്ചവെക്കുന്നതിനാവശ്യമായ വിദ്യകളും നിർദേശങ്ങളും പങ്കുവെച്ച ശിൽപശാലക്ക് എച്ച്.ആർ സ്പെഷലിസ്റ്റ് ഡോ. കെ.എ. ആരിഫ് നേതൃത്വം നൽകി.
തൊഴിൽമേഖലയിലെ സ്വയം നവീകരണ സാധ്യതകൾ, തൊഴിൽ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാർഥികൾക്കിടയിലുള്ള കരിയർ രംഗത്തെ മത്സരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം സദസ്സുമായി സംവദിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. കെയർ ഡയറക്ടർ അഹ്മദ് അൻവർ അധ്യക്ഷത വഹിച്ചു. കെയർ എക്സിക്യൂട്ടിവ് അംഗം ഷംസീർ അബൂബക്കർ പരിപാടി നിയന്ത്രിച്ചു. കെയർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷമീൽ, റമീസ്, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.