ദോഹ: ആറ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കുള്ള മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ, 2020 സെപ്തംബറിന് മുമ്പുള്ള മിനിമം വേതന വ്യവസ്ഥ വീണ്ടും പ്രാബല്യത്തിലായി.
തങ്ങളുടെ പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടിയാണ് ഇന്ത്യൻ വിദേശ മന്ത്രാലയം പിന്‍വലിച്ചത്. കഴിഞ്ഞ സെപ്തംബറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് 200 യു.എസ് ഡോളറും (14,900 രൂപ), കുവൈറ്റിലേക്ക് 245 ഡോളറും (18,250 രൂപ), സൗദി അറേബ്യയിലേക്ക് 324
ഡോളറും (18,250 രൂപ) മിനിമം വേതനമായാണ് പുനക്രമീകരണം നടത്തിയത്. ഇതോടെ, നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയില്‍ 30 ശതമാനം മുതൽ 50 ശതമാനം വരെ കുറവുണ്ടായി.
കോവിഡ് സാഹചര്യത്തിൽ മിനിമം വേതന പരിധി കൂടുന്നത് കൊണ്ട്, ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടിയാണ് കുറക്കുന്നതെന്നായിരുന്നു സർക്കാർ നേരത്തെ നൽകിയ വിശദീകരണം.
എന്നാൽ, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേതനം നിശ്ചയിച്ചത് വിദഗ്ദ്ധ, അവിദഗ്ധ വിഭാഗമോ, വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണെന്നും ചൂണ്ടികാട്ടിയിരുന്നു. ഇതേ കോവിഡ് കാലത്ത് തന്നെയാണ് ഖത്തർ നിര്‍ബന്ധിത മിനിമം വേതനം ആയിരം റിയാൽ ആയി ഉയർത്തിയത് (20,000 രൂപ). സെപ്തംബറിന് മുന്നേയുള്ള നിലയിലേക്ക് തിരിച്ചു പോയതോടെ, വിദഗ്ധ-അവിദഗ്ധ തൊഴിലിനും, വിദ്യഭ്യാസ യോഗ്യതക്കും അനുസരിച്ചായി മാറും മിനിമം വേതന മാനദണ്ഡം.
പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ആന്ധ്ര ഹൈകോടതിയിൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെ, കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ 2020 സെപ്റ്റമ്പറിൽ ഇറക്കിയ സർക്കുലർ പിൻവലിച്ചതിന്‍റെ ഉത്തരവ് ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.