ദോഹ: ഇന്റർനെറ്റും മൊബൈൽ ഫോൺ വിളികളുമായി വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്കിടയിൽ ദേശീയ ബോധവത്കരണ കാമ്പയിനുമായി ഖത്തർ സെൻട്രൽ ബാങ്ക്. സൈബർ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക , അവയെ ചെറുക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ.
ഖത്തർ ആഭ്യന്തര മന്ത്രാലയം, നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും മൊബൈൽ ഫോൺ സന്ദേശങ്ങളായും നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുകയാണ് പ്രധാനം. ടെലിഫോൺ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ജനങ്ങൾ വീഴാതിരിക്കാനും അത് പ്രതിരോധിക്കാനുള്ള വഴികൾ വിശദമാക്കുന്ന പ്രചാരണങ്ങൾ കാമ്പയിന്റെ ഭാഗമായി നടക്കും. ബാങ്കിൽനിന്നാണ് വിളിക്കുന്നത് എന്ന സന്ദേശത്തോടെ വരുന്ന ടെലിഫോൺ വിളികൾ എല്ലാം വിശ്വസിക്കരുതെന്ന് അധികൃതർ നിർദേശം നൽകുന്നു.
പരിചിതമല്ലാത്ത നമ്പറുകളിൽനിന്ന്, പ്രത്യേകിച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണെന്ന് അവകാശപ്പെട്ടുള്ള ഫോൺ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. സന്ദേശങ്ങൾക്ക് മറുപടിയായി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കുവെക്കരുത്.
അജ്ഞാത അന്താരാഷ്ട്ര കോളുകൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കുക, അപരിചിതമായ ലോക്കൽ കാളുകൾ സൂക്ഷിക്കുക, ഫോൺ വിളികളിൽ സംശയം തോന്നിയാൽ ഉടൻ വിളിക്കുന്നവർ അവകാശപ്പെടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുക, ബാങ്ക് കാർഡ് നഷ്ടപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ ബ്ലോക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായത്തിനായി ഹോട്ട്ലൈൻ നമ്പറായ 6681 5757 വിളിക്കാം . കൂടാതെ മെട്രാഷ് ടു ആപ് അല്ലെങ്കിൽ ഇ-മെയിൽ (cccc@moi.gpv.qa) വഴിയും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.