ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ, മേഖലയിലെ ഫുട്ബാൾ ആരാധകരെ ഖത്തറിലേക്ക് ആകർഷിച്ച എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന് ഇന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടം. ഖത്തറിന്റെ മുൻ ചാമ്പ്യൻ ടീമായ അൽ ദുഹൈൽ എസ്.സി സൗദി അറേബ്യൻ കരുത്തരായ അൽ ശബാബ് എഫ്.സിയെ നേരിടും. അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറിനാണ് മത്സരം.
രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇറാനിൽനിന്നുള്ള ഫൂലാദ് കുസെസ്താൻ എഫ്.സിയും നിലവിലെ ഏഷ്യൻ-സൗദി ചാമ്പ്യന്മാരായ അൽഹിലാലും തമ്മിലാണ് ഉശിരൻ പോരാട്ടം. രാത്രി ഒമ്പതിന് അൽ ജനൂബ് സ്റ്റേഡിയത്തിലാണ് പോരാട്ടം. ക്യു.എഫ്.എ വെബ്സൈറ്റ് വഴി മത്സരങ്ങളുടെ ടിക്കറ്റുകൾ ലഭ്യമാണ്. സൗദിയിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന അൽ ഹിലാൽ എഫ്.സി പ്രീക്വാർട്ടറിൽ യു.എ.ഇയുടെ ശബാബ് അൽ അഹ്ലിയെ 3-1ന് തോൽപിച്ചാണ് മുന്നേറിയത്. ഫൂലാദ് സൗദിയുടെതന്നെ അൽ ഫൈസലിയെയാണ് പ്രീക്വാർട്ടറിൽ (1-0) തോൽപിച്ചത്. ഖത്തർ പോരാട്ടമായി മാറിയ അൽ ദുഹൈൽ -അൽ റയ്യാൻ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ദുഹൈലിന്റെ ജയം. അൽ ശബാബ് ഉസ്ബെകിസ്താന്റെ നസാഫ് ഖർഷിയെയാണ് വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിലെ വിജയികളാവും 26ന് നടക്കുന്ന മേഖലാ സെമി ഫൈനലിൽ മാറ്റുരക്കുക.
ചാമ്പ്യൻസ് ലീഗിൽ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം ഏപ്രിൽ 29നും രണ്ടാം പാദം മേയ് ആറിനുമായി ജപ്പാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.