ദോഹ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രികളിലെ ഒ.പി സേവനങ്ങളിൽ ഞായറാഴ്ച മുതൽ മാറ്റം. ഡോക്ടർ കൺസൽട്ടേഷൻ അപോയിൻമെന്റുകളിൽ പകുതിയോളം ടെലി മെഡിസിനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതുപ്രകാരം, ഞായറാഴ്ച മുതൽ ബുക്ക് ചെയ്ത ഒ.പി പരിശോധനയിൽ 50 ശതമാനം പേർക്ക് നേരിട്ടും, ബാക്കി 50 ശതമാനം പേർക്ക് ഓൺലൈൻ ആയും പരിശോധന നടത്തുമെന്ന് എച്ച്.എം.സി അറിയിച്ചു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ടെലിമെഡിസിൻ വഴി ഒ.പി പരിശോധന സ്വീകരിക്കുന്ന രോഗികൾ അപോയിൻമെന്റിനായി ആശുപത്രിയിലേക്ക് നേരിട്ട് വരേണ്ടതില്ല. അപോയിൻമെന്റ് ലഭിച്ച ദിവസം ഡോക്ടർ രോഗിയെ നിശ്ചിത സമയത്ത് ഓൺലൈനിലെത്തി പരിശോധിക്കുന്നതാണ്. അതേസമയം, രോഗിക്ക് നേരിട്ടുള്ള പരിശോധനയും, തുടർ പരിശോധനയും ആവശ്യമാണെങ്കിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം അറിയിപ്പനുസരിച്ച് രോഗിക്ക് ക്ലിനിക്കിലെത്തി പരിശോധന നടത്താവുന്നതാണ്.
രാജ്യത്തെ എല്ലാ പി.എച്ച്.സി.സികളിലും നേരത്തേ തന്നെ വിവിധ വിഭാഗങ്ങളിലെ കൺസൽട്ടേഷനിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക് സഹായം ലഭ്യമാക്കാനായി എച്ച്.എം.സിയുടെ അത്യാഹിത വിഭാഗവും, ആംബുലൻസ് സേവനവും 24 മണിക്കൂറും പ്രവർത്തനക്ഷമമാണെന്ന് അധികൃതർ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെ 16000 എന്ന നമ്പറില്‍, അപകടാവസ്ഥയില്‍ അല്ലാത്ത രോഗികളെ സഹായിക്കാന്‍ എച്ച്.എം.സിയുടെ വെര്‍ച്വല്‍ എമര്‍ജന്‍സി സർവിസും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.