ദോഹ: ജനുവരി ആറു മുതൽ 25ാമത് അറേബ്യൻ ഗൾഫ് കപ്പിന് കിക്കോഫ് വിസിൽ മുഴങ്ങുന്ന സാഹചര്യത്തിൽ ഖത്തർ സ്റ്റാർസ് ലീഗ് (ക്യു.എസ്.എൽ) ഫിക്സ്ചറിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തി അധികൃതർ. 25ാമത് ഗൾഫ് കപ്പിനായി ഒട്ടേറെ താരങ്ങൾ ദേശീയ ടീമിനൊപ്പം ചേരുന്നതിനാലാണ് ഫിക്സ്ചറിൽ മാറ്റം വരുത്തിയത്. ഖത്തർ ആതിഥ്യമരുളിയ ലോകകപ്പ് ഫുട്ബാളിനായി നിർത്തിവെച്ചശേഷം ക്യു.എൻ.ബി സ്റ്റാർസ് ലീഗ് ബുധനാഴ്ച പുനരാരംഭിക്കും.
ക്ലബുകളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിൽ 2022-2023 സീസണിലെ ഒട്ടേറെ മത്സരങ്ങൾ മാറ്റിവെക്കുമെന്ന് ക്യു.എസ്.എൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനനുസരിച്ച് എട്ടാം ആഴ്ചയിൽ നടക്കേണ്ട മൂന്നു മത്സരങ്ങൾ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അരങ്ങേറും. ഒമ്പതാം ആഴ്ചയിലെ കളികൾ ജനുവരി 11, 12 തീയതികളിൽ നടക്കും. പത്താം ആഴ്ചയിലേത് 17, 18 തീയതികളിലായിരിക്കും.
ബുധനാഴ്ച അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ അൽ ദുഹൈലും അൽ ഗറാഫയും മാറ്റുരക്കും. അന്ന് ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം വേദിയൊരുക്കുന്ന കളിയിൽ അൽറയ്യാന് അൽ സൈലിയയാണ് എതിരാളികൾ.
ജപ്പാന്റെ ലോകകപ്പ് താരം ഷോഗോ തനാഗുച്ചി അൽ റയ്യാനുവേണ്ടി ആദ്യ മത്സരത്തിനിറങ്ങും. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അൽ അറബിയും അൽ അഹ്ലിയും തമ്മിലാണ് വ്യാഴാഴ്ച ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം. ഉമ്മുസലാൽ-അൽ മർഖിയ, അൽ സദ്ദ്-ഖത്തർ സ്പോർട്സ് ക്ലബ്, അൽ ഷമാൽ-അൽ വക്റ എന്നീ മത്സരങ്ങളാണ് മാറ്റിവെച്ചത്. ഒമ്പതാം തീയതി നടക്കേണ്ട അൽ മർഖിയ-അൽ ഷമാൽ മത്സരവും മാറ്റിവെച്ചിട്ടുണ്ട്.
ഗൾഫ് കപ്പ് ആതിഥേയരായ ഇറാഖ് സെമിഫൈനലിലെത്തുകയാണെങ്കിൽ, പത്താം ആഴ്ച നടക്കേണ്ട അൽ സൈലിയ-അൽ മർഖിയ, അൽ ഷമാൽ-ഉമ്മുസലാൽ മത്സരങ്ങൾ ഏപ്രിൽ 25ലേക്കു മാറ്റാനും തീരുമാനമായി. ഗൾഫ്കപ്പ് ഇറാഖിലെ ബസ്റയിലുള്ള രണ്ടു സ്റ്റേഡിയങ്ങളിലായാണ് നടക്കുക.
ക്യു.എസ്.എല്ലിൽ ഏഴു മത്സരങ്ങളിൽ അഞ്ചു ജയവും ഓരോ ജയവും സമനിലയുമടക്കം 16 പോയന്റുമായാണ് അൽ അറബി ഒന്നാമതുള്ളത്. നാലു ജയവും മൂന്നു സമനിലയുമായി അൽ വക്റ 15 പോയന്റുമായി രണ്ടാമതാണ്. 14 പോയന്റുള്ള അൽ ദുഹൈൽ മൂന്നും 12 പോയന്റുമായി അൽ ഗറാഫ നാലും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ അൽ സദ്ദിന് രണ്ടു ജയവും നാലു തോൽവിയും ഒരു സമനിലയുമടക്കം ഏഴു പോയന്റ് മാത്രമാണുള്ളത്.
താരത്തിളക്കമുള്ള അൽ സദ്ദ് ഒമ്പതാം സ്ഥാനത്താണിപ്പോൾ. മുൻ ചാമ്പ്യന്മാരായ അൽ റയ്യാൻ പോയന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.