ദോഹ: പെരുന്നാളും സ്കൂൾ വേനലവധിയും ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്ക് തിരിച്ചടിയായപ്പോൾ ആശ്വാസമായി ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് ചാർട്ടർ വിമാനം പറക്കുന്നു.
ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മുസാഫിർ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിലാണ് തിരക്കേറിയ സീസണിൽ ഇളവുകളോടെ വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്.
സ്കൂൾ അവധിയും സർക്കാർ-സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധിയും കണക്കിലെടുത്ത് ജൂലൈ ഏഴിന് ഇൻഡിഗോ എയർലൈൻസിന്‍റെ ചാർട്ടേഡ് വിമാനം പറന്നുയരും.
ജൂലൈ ഏഴിന് രാത്രി 8.25ന് കോഴിക്കോടുനിന്നും വിമാനം രാത്രി 10.10ന് ദോഹയിലെത്തും. 650 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതേവിമാനം, രാത്രി 11.40ന് ദോഹയിൽനിന്നും പുറപ്പെട്ട് രാവിലെ 6.20ന് കോഴിക്കോടും എത്തും. 1650 റിയാലാണ് ടിക്കറ്റ് നിരക്ക്.
നിലവിൽ ഈ ദിവസങ്ങളിൽ 1950 റിയാലിന് മുകളിലാണ് എയർലൈൻ ടിക്കറ്റ് നിരക്ക്. വേനലവധി കഴിഞ്ഞ് മടക്കയാത്രക്കായി ആഗസ്റ്റ് 12നും ചാർട്ടർ വിമാനമുണ്ട്. രാത്രി 8.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 10.10ന് ദോഹയിൽ ലാൻഡ് ചെയ്യും.
1650 റിയാലാണ് നിരക്ക്. ഈ ദിവസങ്ങളിൽ 2000ത്തിന് മുകളിലാണ് എയർലൈൻ നിരക്ക്. ദോഹയിൽ നിന്നും കോഴിക്കോട്ടേക്കും ആഗസ്റ്റ് 12ന് സർവിസ് നടത്തും.
തിരക്കേറിയ സീസണിൽ വിമാനടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഖത്തറിലെ പ്രവാസി യാത്രക്കാർക്ക് ആശ്വാസമാകുന്നതിനായാണ് ചാർട്ടർ വിമാനം ഒരുക്കിയതെന്ന് മുസാഫിർ ട്രാവൽ ആൻഡ് ടൂറിസം ജനറൽ മാനേജർ ഫിറോസ് നാട്ടു പറഞ്ഞു.
ബുക്കിങ്ങിനായി 44223777, 33235777 നമ്പറുകളിലോ booking@gomosafer.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
മധ്യവേനലവധി കഴിഞ്ഞ് ആഗസ്റ്റ് പകുതിയോടെയാണ് സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത്. ആ കാലയളവിലും വലിയ തുകയാണ് വിമാനടിക്കറ്റ് നിരക്ക്. ആഗസ്റ്റ് 10ന് കോഴിക്കോട് നിന്നും ദോഹയിലേക്ക് 48700രൂപ (2270 റിയാൽ) ആണ് നിലവിലെ നിരക്ക്.
ചുരുക്കത്തിൽ കോവിഡും മാറി, ആശങ്കയുടെ നാളുകൾ നീങ്ങി എല്ലാം സ്വസ്ഥമായപ്പോൾ ബന്ധുക്കൾക്കൊപ്പം ചേർന്ന് ആഘോഷിക്കാനൊരുങ്ങുന്ന കുടുംബങ്ങൾക്കാണ് തിരിച്ചടിയാവുന്നത്.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് നാട്ടിലെത്തി മടങ്ങണമെങ്കിൽ 14,000 മുതൽ 16000 റിയാൽവരെ ചിലവ് വരും. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര സർവിസുകൾ മാർച്ച് 27 മുതലാണ് പുനരാരംഭിച്ചത്. അതുവരെ എയർ ബബ്ൾ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു സർവിസ്.
എന്നാൽ, നിയന്ത്രണം നീക്കംചെയ്തിട്ടും കോവിഡ് പൂർവകാലത്ത് സർവിസ് നടത്തിയ പല വിദേശ വിമാനക്കമ്പനികളും ദോഹയിൽനിന്നും കേരളത്തിലേക്കുള്ള സർവിസ്ആരംഭിച്ചിട്ടില്ല.
സാധാരണ ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യങ്ങളിൽ വിദേശ എയർലൈനുകളുടെ കണക്ഷൻ സർവിസുകളെയാണ് പ്രവാസി മലയാളികൾ കൂടുതലായും ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.