ദോഹ: സമൂഹമാധ്യമങ്ങളിലെ താരങ്ങളും ലോകഫുട്ബാളിലെ ഇതിഹാസങ്ങളും ദോഹയിൽ ഒരുമിക്കുന്നു. മാച്ച് ഫോർ ഹോപ് പദ്ധതിയുടെ ഭാഗമായി ഖത്തർ ചാരിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിലാണ് താരങ്ങളും സമൂഹ മാധ്യമതാരങ്ങളും പങ്കെടുക്കുക.ഫെബ്രുവരി 23ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സോഷ്യൽ മീഡിയ സെൻസേഷനുകളായ ചങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്ന അമിൻ മുഹമ്മദും, അബുഫ്ലാഹ് എന്ന ഹസൻ സുലൈമാനും ഓരോ ടീമിനും നേതൃത്വം വഹിക്കും. വിവിധ ടീമുകളിലായി പ്രശസ്ത താരങ്ങളും അരങ്ങേറും.
ലോകകപ്പിന് വേദിയായ, 45000 കാണികൾക്ക് ഇരിപ്പിടമൊരുക്കാൻ ശേഷിയുള്ള അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ധനസമാഹരണമാണ് പ്രധാന ലക്ഷ്യം.ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബൗവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷന് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽനിന്നുള്ള വരുമാനം പൂർണമായും മാലി, റുവാണ്ട,താൻസനിയ, പാകിസ്താൻ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ഇ.എ.എ പദ്ധതികളിലേക്ക് നൽകും.ഖത്തറിന്റെ ഇൻറർ നാഷനൽ മീഡിയ ഓഫിസിന് കീഴിലുള്ള സാംസ്കാരിക പ്ലാറ്റ്ഫോമായ ക്യു.ലൈഫ് മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. ടിക്കറ്റ്മാസ്റ്ററിൽ നിന്നോ www.match4hope.com
സന്ദർശിച്ചോ ടിക്കറ്റുകൾ കരസ്ഥമാക്കാം. കൂടാതെ മാച്ച് ഫോർ ഹോപ് വെബ്സൈറ്റിലെ ഡൊണേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആരാധകർക്ക് സംഭാവനയും നൽകാം. ലോകമെമ്പാടുമുള്ള ആരാധകർക്കായി മത്സരം അറബിയിലും ഇംഗ്ലീഷിലുമായി തത്സമയം സംപ്രേഷണവും ചെയ്യും. കായികപ്രവൃത്തിയിലൂടെ സമാധാനവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി മിഡിലീസ്റ്റിലും അറബ് ലോകത്തുമായി നടന്ന ആദ്യ ലോകകപ്പിന്റെ പാരമ്പര്യം നിലനിർത്തുകയാണ് മാച്ച് ഫോർ ഹോപ് സംരംഭം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.