ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സ്ബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 11ാമത് സിറ്റി സ്കേപ്പ് ഖത്തർ പ്രോപ്പർട്ടി ഷോയിൽ ഇന്ത്യൻ പവലിയനുമായി പ്രവാസി മലയാളത്തിന്റെ മുഖപത്രം ‘ഗൾഫ് മാധ്യമ’വും എത്തുന്നു. ഒക്ടോബർ 24 മുതൽ 26 വരെ ഖത്തറിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും റിയൽ എസ്റ്റേറ്റ് കമ്പനികൾ പങ്കാളികളാകുന്ന എക്പോയിൽ ആദ്യമായാണ് ഇന്ത്യൻ സാന്നിധ്യം.
ദൂബൈയിൽ നടന്ന ചടങ്ങിൽ സിറ്റി സ്കേപ്പ് ഖത്തർ സംഘാടകരായ ഇൻഫോർമയുമായി ഗൾഫ് മാധ്യമം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ‘ഗൾഫ് മാധ്യമം’ മിഡിൽഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, സിറ്റിസ്കേപ്പ് എക്സിബിഷൻ ഡയറക്ടർ അലക്സാണ്ടർ എഡ്വേർഡ് എന്നിവരാണ് ഒപ്പുവെച്ചത്. ഗൾഫ് മാധ്യമം ബിസിനസ് ഓപറേഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ്, സിറ്റിസ്കേപ്പ് മാർക്കറ്റിങ് മാനേജർ ഡൊമിനിക് െക്ലറിസി എന്നിവർ പങ്കെടുത്തു.
വിവിധ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഭീമൻമാർ പങ്കാളികളാകുന്ന എക്സ്പോ ജി.സി.സി രാജ്യങ്ങളിൽ തന്നെ ഏറ്റവും ശ്രദ്ധേയമാണ്. ഓരോ പതിപ്പിലും 10,000ത്തിലേറെ സന്ദർശകരെത്തുന്ന എക്സ്പോയിൽ 50ൽ ഏറെ വൻകിട ഗ്രൂപ്പുകളാണ് തങ്ങളുടെ റിയൽ എസ്റ്റേറ്റ് പദ്ധതികൾ പ്രദർശിപ്പിക്കുന്നത്.
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡവലപേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ‘ഗൾഫ് മധ്യമം’ സിറ്റി സ്കേപ്പ് ഖത്തറിൽ ഇന്ത്യൻ പവലിയൻ അവതരിപ്പിക്കുന്നത്. കേരളത്തിൽ ഫ്ലാറ്റും വില്ലകളും സ്വന്തമാക്കാനും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിക്കുന്നവരുമായ ഖത്തറിലെ പ്രവാസിമലയാളികൾക്ക് ഏറ്റവും മികച്ച അവസരമാണ് ഇത്. ഫ്ലാറ്റുകൾ, വില്ലകൾ, കൊമേഴ്ഷ്യൽ കോപ്ലക്സുകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 35ഓളം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളാണ് ഇന്ത്യൻ പവലിയനിൽ പങ്കെടുക്കുന്നത്. ഒക്ടോബർ 24, 25, 26 ദിവസങ്ങളിൽ ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലെ പ്രദർശന വേദിയിലെത്തി പ്രവാസികൾക്ക് തങ്ങളുടെ സ്വപ്ന ഭവനം മുതൽ, നിക്ഷേപ സാധ്യതകൾ വരെ ഉറപ്പിക്കാനുള്ള അവസരം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.