ജിദ്ദ: സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന യാത്രക്കാരിൽനിന്ന് നേരത്തേ ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ വിമാന കമ്പനികൾ ക്വാറന്റീൻ പണം തിരിച്ചുനൽകണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) ആവശ്യപ്പെട്ടു.
എല്ലാ കമ്പനികളും ഈ നിർദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വിമാനകമ്പനികൾക്ക് അയച്ച സർക്കുലറിൽ മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കോവിഡ് നിയന്ത്രണ ഇളവുകളിലെ പ്രധാന പ്രഖ്യാപനമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ഹോട്ടൽ, ഹോം ക്വാറന്റീൻ ഒഴിവാക്കി എന്നത്.
ഇതനുസരിച്ചാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്ക് സർക്കുലർ അയച്ചത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന ഫലവും ഇനി മുതൽ ആവശ്യമില്ലെന്ന് അതോറിറ്റി വിമാനകമ്പനികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ള വിലക്ക് എടുത്തുകളഞ്ഞതായും രാജ്യത്തേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ മുഖേന അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.