ദോഹ: ഖത്തർ ലോകകപ്പിലെ ഫൈനലുൾപ്പെടെ മുഴുവൻ മത്സരങ്ങളിലും ഒരുവിധ കൃത്രിമങ്ങളോ വാതുവെപ്പോ നടന്നിട്ടില്ലെന്ന് മത്സരങ്ങൾ നിരീക്ഷിക്കുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനുമായ ഇൻറഗ്രിറ്റി ടാസ്ക് ഫോഴ്സ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫിഫ വെബ്സൈറ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
2022 ഡിസംബർ 22ന് അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടുന്ന ടാസ്ക് ഫോഴ്സ് അതിന്റെ ജോലി വിജയകരമായി പൂർത്തിയാക്കിയതായും സംശയാസ്പദമായ വാതുവെപ്പ് പ്രവർത്തനങ്ങളോ കൃത്രിമത്വം സംബന്ധിച്ച കേസുകളോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഫിഫ അറിയിച്ചു.
വാതുവെപ്പ് വിപണികൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകളുടെ വിപുലമായ വിശകലനം, വിവിധ അധികാര പരിധികളിലായുള്ള അന്വേഷണം, സംശയാസ്പദമായ പെരുമാറ്റങ്ങൾക്കായി എട്ട് സ്റ്റേഡിയങ്ങളുടെ നിരീക്ഷണം എന്നിവയെല്ലാം പൂർത്തിയാക്കിയതായും അതിനുശേഷം അത്തരം ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
ലോകകപ്പിലൂടനീളം സാധ്യമാകുന്ന മാച്ച് കൃത്രിമത്വ സംഭവങ്ങളെയും സമഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള ഏതു മുന്നറിയിപ്പിലും അനുഭവ പരിചയമുള്ളതും ഏകോപിച്ചതും സമയോചിതവുമായ പ്രതികരണം ടാസ്ക് ഫോഴ്സിന്റെ ഘടന ഉറപ്പാക്കുന്നുവെന്നും ഫിഫ വിശദീകരിച്ചു.
ഭാവിയിലെ ഫിഫ ടൂർണമെൻറുകൾ സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇൻറഗ്രിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും അന്താരാഷ്ട്ര ഫുട്ബാൾ ഗവേണിങ് ബോഡി പ്രസ്താവിച്ചു. കോൺഫെഡറേഷനുകൾ, അംഗങ്ങളായ അസോസിയേഷനുകൾ, മത്സര കൃത്രിമത്വത്തിനെതിരായ പോരാട്ടത്തിലെ പങ്കാളികൾ തുടങ്ങിയവയുമായി ചേർന്ന് അതിന്റെ സമഗ്ര തന്ത്രങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്നും ഫിഫ കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പ് സമയത്ത് ഫിഫ ഇൻറഗ്രിറ്റി ടാസ്ക് ഫോഴ്സ് ഖത്തർ സേഫ്റ്റി ആൻഡ് ഓപറേഷൻസ് കമ്മിറ്റി (എസ്.എസ്.ഒ.സി)യുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. കൗൺസിൽ ഓഫ് യൂറോപ്പ്, കോപൻഹേഗൻ ഗ്രൂപ്, ഇൻറർപോൾ, ഗ്ലോബൽ ലോട്ടറി മോണിറ്ററിങ് സിസ്റ്റം, സ്പോർട്രേഡർ, യുനൈറ്റഡ് നാഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ൈക്രം, ഇൻറർനാഷനൽ ബെറ്റിങ് ഇൻറഗ്രിറ്റി അസോസിയേഷൻ എന്നിവയിൽനിന്നുള്ള വിദഗ്ധരും ഈ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുന്നു.
കൂടാതെ, അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തങ്ങളുടെ പരിചയസമ്പത്തും വൈദഗ്ധ്യവും സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി സമിതിയിലുണ്ട്. യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസും ആദ്യമായി ഈ കർമസമിതിയിലുണ്ട്. ടൂർണമെൻറിന്റെ എല്ലാ മത്സരങ്ങളിലും ഫുട്ബാളിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ലക്ഷ്യത്തിനനുസൃതമായാണ് ടാസ്ക് ഫോഴ്സ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഫിഫ ഈയിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.