ദോഹ: 80ലേറെ രാജ്യങ്ങൾ ആകർഷകമായ പവിലിയൻ ഒരുക്കി കാത്തിരിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോയിലെ ഓരോ പവിലിയനും ഓരോ ലോകമാണ് തുറക്കുന്നത്. വിവിധ രാജ്യങ്ങളിലെ കൃഷിയും പുതിയ കണ്ടെത്തലുകളും വൈവിധ്യമാർന്ന ആശയങ്ങളും അവതരിപ്പിക്കുന്നു. അവയിൽ പ്രധാനമായൊരു കേന്ദ്രമാണ് തുനീഷ്യൻ പവിലിയൻ. പ്രാദേശിക സസ്യങ്ങളെ പരിചയപ്പെടുത്തുന്ന പവിലിയനിൽ കൃഷി, ഹോർട്ടികൾചർ മേഖലയിലെ തങ്ങളുടെ അനുഭവം, ജലനയങ്ങൾ, സുസ്ഥിര വികസനം എന്നിവയും വിശദമായി അവതരിപ്പിക്കുന്നു.
തുനീഷ്യയിലെ പ്രശസ്തമായ കാർഷിക വിളകൾ പ്രത്യേകിച്ച് ഒലിവ്, പിയർ, സിട്രസ് പഴങ്ങൾ, വിവിധ തരം പച്ചക്കറികൾ, പഴവർഗങ്ങൾ, കാർഷിക അനുബന്ധ വ്യവസായങ്ങൾ എന്നിവയും പവിലിയനിൽ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പവിലിയനിനുള്ളിൽ 200 ചതുരശ്രമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് തുനീഷ്യ പിന്തുടരുന്ന രീതികളെക്കുറിച്ച് സന്ദർശകർക്ക് ആഴത്തിൽ പഠിക്കാനും അറിയാനുമുള്ള അവസരവും പവിലിയൻ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
1000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പൂന്തോട്ടത്തിന് പുറമേയാണിത്. ഇവിടെ തുനീഷ്യയിൽ നിന്ന് നേരിട്ടെത്തിച്ച വിവിധ തരം ചെടികളും മരങ്ങളും ഒലിവ്, കുരുമുളക് ചെടികളും ഖത്തറിലെ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന സസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സുസ്ഥിരത കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് കാർഷിക ഉൽപന്ന മാലിന്യങ്ങൾ ഉപയോഗിക്കുന്നതിലെ അനുഭവവും പവിലിയൻ പങ്കുവെക്കുന്നുണ്ട്.
ഓർഗാനിക് കൃഷിയിലും ഒലിവ് കെയർ, പിക്കിങ്, പ്രസിങ് മേഖലകളിലെ തൊഴിലാളികളുടെ പരിശ്രമങ്ങളിലും തുനീഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒലിവ്, എണ്ണ ഇവയുടെ ഉൽപാദനത്തിൽ സ്പെയിനിന് ശേഷം തുനീഷ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്.ഈന്തപ്പനകൾക്ക് പേരുകേട്ട തെക്കൻ തുനീഷ്യയുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളിലേക്കും പൗരാണിക സംസ്കാരത്തിലേക്കും പവലിയൻ വെളിച്ചം വീശുന്നു.
ദോഹ എക്സ്പോയിൽ രാജ്യങ്ങളുടെ പങ്കാളിത്തം സുഗമമാക്കുന്നതിൽ ഖത്തർ വിജയം വരിച്ചുവെന്നും എക്സ്പോക്ക് എല്ലാ വിജയാശംസകളും നേരുകയാണെന്നും പവിലിയൻ സൂപ്പർവൈസർ അമൽ സ്ലിതി പറഞ്ഞു. ജലനയങ്ങളിലും സുസ്ഥിര വികസനത്തിലും തുനീഷ്യൻ പരിചയസമ്പത്ത് അവതരിപ്പിച്ച് ഖത്തറും തുനീഷ്യയും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുകയാണ് എക്സ്പോയിലെ ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സ്ലിതി കൂട്ടിച്ചേർത്തു. പവിലിയനിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന നിരവധി വ്യത്യസ്ത പവിലിയനുകൾ ഉൾപ്പെടുന്ന ഇന്റർനാഷനൽ സോൺ സന്ദർശിക്കുന്നത് സന്ദർശകർ ഏറെ ആസ്വദിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.