ദോഹ: ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്ട് സ്ഥാപകനും ചീഫ് കോച്ചുമായ മനോജ് സാഹിബ്ജാൻ യു.എ.ഇയിലെ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഗൾഫ് മാധ്യമം ‘കമോൺ കേരള’ വേദിയിൽ 2024ലെ അറേബ്യൻ ലെഗസി അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി. ഖത്തർ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലൂടെ അന്തർദേശീയ നിലവാരമുള്ള ബാഡ്മിന്റൺ താരങ്ങളെ വളർത്തിയെടുത്തതിനുള്ള അംഗീകാരമായി ‘കമോൺ കേരള’ വേദിയിലെ ആദരം.
ഖത്തർ ഒളിമ്പിക് കമ്മിറ്റിയിൽ ഖത്തർ ദേശീയ ബാഡ്മിന്റൺ പരിശീലകനായി സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുമായാണ് മനോജ് സാഹിബ്ജാൻ ഭാര്യ ബേനസീറുമായി ചേർന്ന് 2016ൽ എൻ.വി.ബി.എസ് സ്ഥാപിച്ചത്. നിരവധി തവണ ജില്ല ചാമ്പ്യനും സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള കളിക്കാരനുമായ മനോജ് സാഹിബ്ജാൻ എൻ.വി.ബി.എസിൽ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിക്കുന്നു.
നല്ലൊരു ബാഡ്മിന്റൺ റാക്കറ്റ് പോലും വാങ്ങാൻ കഴിയാത്ത കൗമാരക്കാരനിൽനിന്ന് മികച്ച കളിക്കാരനും പരിശീലകനുമെന്ന നിലയിലേക്ക് മനോജ് വളർന്നത് കഠിനാധ്വാനവും സ്ഥിരോത്സാഹവും അർപ്പണബോധവും കൈമുതലാക്കിയാണ്. സന്തത സഹചാരിയായ ബേനസീറിന്റെ പിന്തുണ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ നിർണായക ഘടകമായിട്ടുണ്ടെന്ന് മനോജ് സാഹിബ്ജാൻ പറഞ്ഞു. കളിക്കാരുടെ പ്രകടനം ട്രാക്ക് ചെയ്യാനും മെച്ചപ്പെടുത്താനുമായി മനോജ് രൂപകൽപന ചെയ്ത നൂതന വിശകലന രീതിയും പ്രോഗ്രസ് റിപ്പോർട്ട് സംവിധാനവുമാണ് എൻ.വി.ബി.എസിന്റെ സവിശേഷത. പരിശീലനത്തിലെ പുരോഗതി അറിയാനും പരിശീലകരെ വിലയിരുത്താനും രക്ഷിതാക്കൾക്ക് ഇത് ഏറെ സഹായകരമാണ്. ഖത്തറിലെയും മറ്റു ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ടൂർണമെന്റുകളിൽ എൻ.വി.ബി.എസിലെ കളിക്കാർ മികച്ച നേട്ടം കൊയ്യുന്നത് ചിട്ടയായ പരിശീലനത്തിലൂടെയാണ്.
ഷാർജ എക്സ്പോ സെന്ററിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം നടത്തിയ ‘കമോൺ കേരള’ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ വിനോദ, വൈജ്ഞാനിക, കലാ, സാംസ്കാരിക മേളയാണ്.
കമോൺ കേരളയുടെ ആറാം പതിപ്പാണ് ഇത്തവണ നടന്നത്. പ്രമുഖ ചലച്ചിത്ര സംവിധായകൻ ബ്ലെസി, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവർ സംയുക്തമായാണ് പുരസ്കാരം കൈമാറിയത്. സംവിധായകൻ സലീം അഹമ്മദ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.