ദോഹ: അൽ വജബ ഈസ്റ്റിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് (പാക്കേജ് 1) പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ തുടക്കം കുറിച്ചു. രാജ്യത്തുടനീളം സമഗ്ര അടിസ്ഥാന സൗകര്യ, റോഡ് ശൃംഖല നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
അൽ വജബയുടെ കിഴക്കൻ മേഖലയിൽ ഉം അൽ ദൊം സ്ട്രീറ്റിെൻറ പടിഞ്ഞാറ് ഭാഗം മുതൽ റൗദത് അൽ നാസർ സ്ട്രീറ്റിെൻറ വടക്ക് ഭാഗം വരെയുള്ള പ്രദേശത്ത് ആഭ്യന്തര റോഡ് ശൃംഖല മെച്ചപ്പെടുത്തുക, സുരക്ഷ വർധിപ്പിക്കുക, പൗരന്മാരുടെ ആവശ്യമനുസരിച്ചും ഭാവി കണക്കിലെടുത്തും സമഗ്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭൂമിശാസ്ത്ര പരമായി മൂന്ന് മേഖലകളാക്കി തിരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ വർഷമെടുത്ത് നടപ്പാക്കുന്ന പദ്ധതി 2023 രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്ന് അശ്ഗാൽ അറിയിച്ചു. അൽ വജബ ഈസ്റ്റിലെ 368 സിറ്റിസൺ സബ് ഡിവിഷനുകൾക്ക് ഏറെ സഹായകമാകുന്ന പദ്ധതിയിൽ 17 കിലോമീറ്റർ നീളത്തിൽ റോഡ് ശൃംഖല വികസിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യും. സ്ട്രീറ്റ് ലൈറ്റിങ് സംവിധാനം, ലൈറ്റിങ് പോളുകൾ, റോഡുകളിലെ സുരക്ഷ അടയാളങ്ങൾ, സൈൻ ബോർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
കൂടാതെ 34 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ നടപ്പാതയും 2570 പാർക്കിങ് കേന്ദ്രങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. 14 കിലോമീറ്റർ മലിനജല ശൃംഖല, 16.6 കിലോമീറ്റർ സർഫേസ് ആൻഡ് ഗ്രൗണ്ട് വാട്ടർ ഡ്രെയിനേജ് നെറ്റ്വർക്ക്, 10.7 കിലോമീറ്റർ ട്രീറ്റഡ് വാട്ടർ നെറ്റ്വർക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ടെന്ന് അശ്ഗാൽ വെസ്റ്റേൺ ഏരിയ പ്രോജ്ക്ട്സ് എൻജിനീയർ മുഹമ്മദ് അൽ അതീഖ് പറഞ്ഞു. പദ്ധതിക്കാവശ്യമായ 85 ശതമാനം ഉൽപന്നങ്ങളും പ്രാദേശികമായി വികസിപ്പിച്ചെടുത്തതായിരിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി. ഖത്തരി കമ്പനികളുടെയും ഖത്തരി ഫാക്ടറികളിൽ ഉൽപാദിപ്പിക്കപ്പെട്ടതുമായ ഉൽപന്നങ്ങളും കോൺക്രീറ്റ് ഉൽപന്നങ്ങളും പദ്ധതിയിലുൾപ്പെടുത്തും. പ്രാദേശിക ഉൽപന്നങ്ങളെയും ഉൽപാദകരെയും പിന്തുണക്കുന്നതിനുള്ള അശ്ഗാലിെൻറ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.