ദോഹ: കോൺകകാഫ് ഗോൾഡ് കപ്പ് ക്വാർട്ടറിൽ പ്രവേശിച്ച ഖത്തറിന് ഇന്ന് രാത്രി ഉജ്ജ്വല പോരാട്ടം. അമേരിക്കയിലെ ടെക്സസിൽ കാർലോസ് ക്വിറോസിന്റെ കുട്ടികൾ നിർണായക അങ്കത്തിൽ ബൂട്ടണിയുമ്പോൾ ഖത്തറിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയാവും. ജയിച്ചാൽ, അതൊരു വൻകരയുടെ പോരാട്ടത്തിൽ ഖത്തറിന് സെമിയിലേക്കുള്ള ബർത്ത്. അതും, അതിഥിരാജ്യമായെത്തി തുടർച്ചയായ രണ്ടാം തവണയും.
ഗ്രൂപ് റൗണ്ടിൽ മെക്സികോക്കെതിരെ നേടിയ അട്ടിമറി ജയത്തിന്റെ ആവേശത്തിലാണ് ഖത്തർ. ആദ്യ കളിയിൽ തോൽവിയും, രണ്ടാം അങ്കത്തിൽ സമനിലയും പാലിച്ചവർ അവസാന മിനിറ്റിൽ വീണ ഗോളുകളിലായിരുന്നു പിന്തള്ളപ്പെട്ടത്. എന്നാൽ, ഈ വീഴ്ച മെക്സികോക്കെതിരെ മാറ്റി.
പന്തടക്കവും, ആക്രമണവും, ഷോട്ടിന്റെ എണ്ണവും ഉൾപ്പെടെ സമസ്തമേഖലയിൽ മെക്സികോ മുന്നിട്ടു നിന്നെങ്കിലും, ഗോളിലാണ് വിജയമെന്ന് ഖത്തർ തെളിയിച്ചു. ആ ജയവുമായാണ് ഇപ്പോൾ ഗ്രൂപ് ‘സി’ ജേതാക്കളായ പാനമക്കെതിരെ ഇറങ്ങുന്നത്.
സീനിയർ താരങ്ങളുടെ അസാന്നിധ്യത്തിൽ മാറ്റങ്ങളും പരീക്ഷണങ്ങളുമായി മികച്ച േപ്ലയിങ് ഇലവനെ സെറ്റ് ചെയ്യുന്നതിൽ കോച്ച് ക്വിറോസ് വിജയം കാണുകയാണിപ്പോൾ. മെക്സികോക്കെതിരെ വലകാത്ത മിഷാൽ ബർഷാമിൽ മാറ്റമുണ്ടാവില്ല. കഴിഞ്ഞ കളിയിലെ സ്കോറർ ബസിം ഷെഹത, മുസ്തഫ മഷാൽ, അബ്ദുല്ല, സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന അബ്ദുറസാഖ് എന്നിവർ ചേരുമ്പോൾ ഖത്തർ പ്രതീക്ഷയിലാണ്. ഫിഫ റാങ്കിങ്ങിൽ പാനമ 57ഉം, ഖത്തർ 58ഉം സ്ഥാനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.