കോൺകാകഫ് ഗോൾഡ് കപ്പ്: ആദ്യ ഗൾഫ്​ പ്രാതിനിധ്യമായി ഖത്തർ

ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന കോൺകാകഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഏഷ്യൻ കപ്പ് ചാമ്പ്യന്മാരും ടൂർണമെൻറിലെ അതിഥി ടീമുമായ ഖത്തർ ഗ്രൂപ് 'ഡി'യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിനൊപ്പം ഗ്രാനെഡ, ഹോണ്ടുറാസ്​, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ. വൻകരയിലെ വമ്പന്മാരായ മെക്സികോ ഗ്രൂപ് 'എ'യിലും അമേരിക്ക ഗ്രൂപ് 'ബി'യിലും കോസ്​റ്ററിക്ക ഗ്രൂപ് 'സി'യിലും ഇടം നേടി.കോൺകാകഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കുന്ന പ്രഥമ ഗൾഫ് രാജ്യമെന്ന ഖ്യാതി ഇനി ഖത്തറിന് മാത്രമായിരിക്കും. ടൂർണമെൻറിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യമാണ് ഖത്തർ. 2002 ഫിഫ ലോകകപ്പ് സഹ സംഘാടകരായ ദക്ഷിണ കൊറിയയാണ് ആദ്യമായി ഗോൾഡ് കപ്പിൽ പങ്കെടുത്ത രാജ്യം.

ഖത്തർ ഫുട്ബാൾ അസോസിയേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറിയും ചേർന്ന് കോൺകാകഫുമായി (നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ അസോസിയേഷൻ ഫുട്ബാൾ) ചേർന്ന് ഒപ്പുവെച്ച തന്ത്രപ്രധാന പങ്കാളിത്ത കരാറിെൻറ ഭാഗമായാണ് ഗോൾഡ് കപ്പിലെ ഖത്തറിെൻറ പങ്കാളിത്തം.

അടുത്ത വർഷം അർജൻറീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷമായിരിക്കും ഖത്തർ ഗോൾഡ് കപ്പിനായി അമേരിക്കയിലേക്ക് തിരിക്കുക. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും ഖത്തർ പങ്കെടുത്തിരുന്നു. പരാഗ്വേയെ രണ്ട് ഗോളടിച്ച് സമനിലയിൽ തളച്ച ഖത്തർ അർജൻറീനക്കെതിരെ മികച്ച പ്രകടനവും പുറത്തെടുത്തു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ കിരീടനേട്ടവും കോപ്പ അമേരിക്കയിലെ പങ്കാളിത്തവും ഖത്തർ ദേശീയ ടീമിന് ലോകകപ്പിലേക്കുള്ള പ്രയാണത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന് പരിശീലകൻ ഫെലിക്സ്​ സാഞ്ചസ്​ നേരത്തെ വ്യക്തമാക്കിയിരുന്നു.

വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളാണ് കോൺകാകഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കുന്നത്. 2023ലെ ഗോൾഡ് കപ്പിലും ഖത്തർ പങ്കെടുക്കുമെന്ന് ക്യു.എഫ്.എ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.