ദോഹ: ലോകകപ്പിലെ പരീക്ഷണത്തിനുപിന്നാലെ, മറ്റൊരു അന്താരാഷ്ട്ര വേദിയിൽ പന്തുതട്ടാനൊരുങ്ങി ഖത്തർ. പുതിയ പരിശീലകൻ കാർെലസ് ക്വിറോസിന് കീഴിലൊരുങ്ങുന്ന ഖത്തർ ജൂണിൽ കിക്കോഫ് കുറിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ മാറ്റുരക്കും. മധ്യ-വടക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ടൂർണമെൻറായ കോൺകകാഫിൽ അതിഥി രാജ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. 2021ൽ സെമി ഫൈനൽ വരെയെത്തിയ അന്നാബികൾ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്.
ജൂൺ-ജൂലൈ മാസങ്ങളിലായി കാനഡയിലും അമേരിക്കയിലുമായി നടക്കുന്ന കോൺകകാഫ് ഫുട്ബാളിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തർ ജൂൺ 25ന് ഹെയ്തിയെ നേരിടും. മെക്സികോ, ഹോണ്ടുറസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അമേരിക്കയിലെ ഹൂസ്റ്റണിലും സാൻറകാർലയിലും ഗ്ലെൻഡെയ്ലിലുമാണ് മത്സരങ്ങൾ. യൂത്ത് ടീം മുതൽ ദീർഘകാലം ഖത്തറിന്റെ പരിശീലകനായിരുന്ന ഫെലിക്സ് സാഞ്ചസ് ലോകകപ്പിനു പിന്നാലെ പടിയിറങ്ങിയതോടെയാണ് പോർചുഗീസുകാരനായ പരിചയ സമ്പന്നൻ കാർലോസ് ക്വിറോസ് ഖത്തറിനൊപ്പം ചേർന്നത്. പുതിയ ടീമിനെ കെട്ടിപ്പടുത്ത് പുതു ലക്ഷ്യങ്ങളിലേക്ക് ബൂട്ടുകെട്ടുന്ന ക്വിറോസിനും കുട്ടികൾക്കും ആദ്യ പരീക്ഷയാവും ഗോൾഡ് കപ്പ്. അടുത്തവർഷം, ഖത്തർ വേദിയാവുന്ന ഏഷ്യൻ കപ്പ് ഫുട്ബാളാണ് ടീമിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.