ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും ചേർന്ന് അൽ ഖോറിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ് സേവനം മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഉപകാരപ്രദമായി. വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ നൂറിലധികം പേർ പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ എംബസി സേവനങ്ങൾ പ്രയോജനപ്പെടുത്തി.
അൽഖോറിലും പരിസരപ്രദേശങ്ങളിലുമുള്ള താമസക്കാർക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കു വേണ്ടിയായിരുന്നു എംബസിയുടെ കോൺസുലാർ സേവനങ്ങൾ നേരിട്ട് എത്തിച്ചുനൽകിയത്. പ്രവൃത്തിദിവസങ്ങളിൽ ദോഹയിൽ എത്തി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായിരുന്നു ഐ.സി.ബി.എഫ് നേതൃത്വത്തിൽ അവധി ദിവസമായ വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 12.30 വരെ നീണ്ടു. പ്രാഥമിക സേവനങ്ങൾക്കൊപ്പം അപേക്ഷഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ദോഹയിൽനിന്നും വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് എംബസിയുടെയും ഐ.സി.ബി.എഫിന്റെയും സേവനങ്ങൾ കൈയെത്താദൂരത്ത് എത്തിക്കുന്നതിന് ഇത്തരം ക്യാമ്പുകൾ പ്രയോജനകരമാകുമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
ഇടക്കാലത്ത് നിലച്ചുപോയ ക്യാമ്പ് ഖത്തറിന്റെ മറ്റു വിദൂരസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പറഞ്ഞു. ക്യാമ്പിന്റെ നടത്തിപ്പിനായി, എംബസി ഉദ്യോഗസ്ഥർക്കൊപ്പം ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സമീർ അഹമ്മദ്, സെറീന അഹദ്, അബ്ദുൽ റൗഫ്, കുൽവീന്ദർ സിങ്, ഹമീദ് റാസ, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെൽവം, ജീവനക്കാർ, കമ്യൂണിറ്റി വളന്റിയർമാർ എന്നിവർ പങ്കെടുത്തു. ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ഒട്ടനവധി പേർ ഇത് പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.