ദോഹ: നിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും പങ്കുവെക്കുന്ന കോൺടെക്യൂ പ്രദർശനം ബുധനാഴ്ച സമാപിക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ പ്രദർശനവേദി രണ്ടാം ദിനമായ ചൊവ്വാഴ്ച പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി സന്ദർശിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും മുഖ്യ പ്രമേയമായി പുരോഗമിക്കുന്ന എക്സ്പോയിലെ വിവിധ പവലിയനുകളിൽ സന്ദർശകരും പ്രവഹിക്കുന്നു. വിവിധ വിദേശ കമ്പനികളുടെയും സ്വദേശി കമ്പനികളുടെയും പ്രതിനിധികൾ മുതൽ നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്നവർ വരെ സന്ദർശകരായെത്തുന്നുണ്ട്.
റോബോട്ടുകൾ, നിർമാണ മേഖലകളെ സഹായിക്കുന്ന അതിനൂതന യന്ത്ര സംവിധാനങ്ങൾ, നിർമിത ബുദ്ധി മാറ്റിമറിക്കുന്ന നിർമാണ പദ്ധതികൾ തുടങ്ങി വൈവിധ്യങ്ങളുടെ കലവറയാണ് ക്യു.എൻ.സി.സിയിലെ മേള.
ഈ ദശാബ്ദത്തില്‍ നിര്‍മാണമേഖലയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകളാണ് ‘കോൺടെക്യൂ’ പകരുന്നത്. ഡ്രോണുകളും റോബോട്ടുകളുമായിരിക്കും പുതിയ കാലത്തെ നിര്‍മാണ മേഖലയിലെ അടിസ്ഥാന ഘടകങ്ങളെന്ന് എക്സ്പോ വിദഗ്ധര്‍ പറയുന്നു. ത്രീ ഡി പിന്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ ജോലികള്‍ എത്രത്തോളം ലളിതമാക്കുമെന്നും കോണ്‍ടെക് വിവരിക്കുന്നു.
ഗൂഗിളും മൈക്രോസോഫ്റ്റും അടക്കമുള്ള ടെക് ഭീമന്മാര് ഇത്തവണത്തെ എക്സ്പോയുടെ ഭാഗമാണ്. വിവിധ വിഷയങ്ങളിലെ സെമിനാറുകളും പ്രഭാഷണങ്ങളുമായി ശ്രദ്ധേയമാകുന്ന മേള, ഖത്തറിലെ വിവിധ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളുടെ ധാരണപത്രങ്ങൾക്കും വേദിയാകുന്നു.
വാണിജ്യ മന്ത്രാലയം, കമ്യൂണിക്കേഷൻ ഐ.ടി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, അഷ്ഗാൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പവലിയനിൽ നടക്കുന്ന മേളയിൽ 250ഓളം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.