ദോഹ: അഞ്ചു ദിവസത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചുപൂട്ടിയ ശേഷം കോർണിഷ് പാതകൾ ചൊവ്വാഴ്ച രാവിലെ തുറന്നു. വെള്ളിയാഴ്ച പുലർച്ച മുതലാണ് പ്രധാനപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോർണിഷും അനുബന്ധ പാതകളും അധികൃതർ അടച്ചത്. താൽക്കാലിക അടച്ചുപൂട്ടൽ സമയങ്ങൾ സമ്പൂർണമായി സഹകരിച്ച പൊതുജനങ്ങളോടും താമസക്കാരോടും അശ്ഗാൽ നന്ദി അറിയിച്ചു.
അടച്ചുപൂട്ടിയ സമയങ്ങളിൽ ബദൽ റോഡുകൾ ഉപയോഗപ്പെടുത്തി സഞ്ചരിക്കണമെന്നും, പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ് സർവിസുകൾ എന്നിവ പ്രയോജനപ്പെടുത്തണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസങ്ങളിൽ പ്രധാന പാത അടഞ്ഞുകിടന്നതോടെ നഗരത്തിലെ മറ്റു വഴികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ചും രാവിലെയും വൈകുന്നേരങ്ങളിലുമായി.
കാൽനടയാത്രക്കാർക്കായി നിർമിക്കുന്ന നാല് തുരങ്കപാതകളുടെ നിർമാണത്തിനുവേണ്ടിയായിരുന്നു അടച്ചിട്ടത്. ഇതിെൻറ ജോലി പുരോഗമിക്കുകയാണ്. റോഡുകൾ അടച്ചിട്ട സമയങ്ങളിൽ നിർണായകമായ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. കോർണിഷ് സ്ട്രീറ്റിലെ കാൽനടയാത്ര സുഗമമാക്കുന്നതിനും പാതയോടു ചേർന്ന ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനും പുതിയ നടപ്പാതകൾ ഏറെ സഹായകമാകും.
ദഫ്ന പ്ലാസ, കോർണിഷ് പ്ലാസ, അൽ ബിദ്ദ പ്ലാസ എന്നീ മൂന്നു പ്ലാസകളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. ലോകകപ്പ് ഉൾപ്പെടെ രാജ്യം വരവേൽക്കാനിരിക്കുന്ന മഹാമേളകൾ മുന്നിൽ കണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.