ദോഹ: മഴക്കുവേണ്ടിയുള്ള പ്രാർഥനകളിൽ മുഴുകി രാജ്യം. വ്യാഴാഴ്ച രാവിലെയാണ് വിവിധ പള്ളികളിൽ മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഖ നമസ്കാരം നടന്നത്. വജ്ബ പാലസിൻെറ പ്രാർഥനാമൈതാനിയിൽ നടന്ന നമസ്കാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. അദ്ദേഹത്തിൻെറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും നമസ്കാരത്തിൽ പങ്കെടുത്തു. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ്, മന്ത്രിമാർ, ശൈഖുമാർ, മറ്റ് പ്രമുഖർ എന്നിവരും പങ്കെടുത്തു.
നമസ്കാരത്തിനു ശേഷം നടന്ന പ്രഭാഷണത്തിൽ ദൈവത്തോട് പശ്ചാത്തപിച്ച് മടങ്ങാനും തെറ്റുകൾ പൊറുത്തുതരാൻ പ്രാർഥിക്കണമെന്നും സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ ഡോ. തഖിൽ ബിൻ സയർ അൽ ശമ്മാരി ജനങ്ങളോട് ആവശ്യപ്പെട്ടു. അർഹതപ്പെട്ടവരുടെ അവകാശമായ സകാത്ത് നൽകി എല്ലാവരും തങ്ങളുടെ സ്വത്ത് ശുദ്ധീകരിക്കണമെന്നും അത് മഴ കിട്ടാനുള്ള കാരണമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വ്യാഴാഴ്ച രാവിലെ ആറിന് രാജ്യത്തെ 78 പള്ളികളിലാണ് ഇസ്തിസ്ഖ നമസ്കാരം നടന്നത്.
ഈ പള്ളികളുടെ വിവരങ്ങൾ നേരത്തേ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ് പുറത്തുവിട്ടിരുന്നു. ഒക്ടോബർ 16 മുതൽ രാജ്യത്ത് 'അൽ വസ്മി' കാലം തുടങ്ങിയിട്ടുണ്ട്. നാട്ടിലെ ഞാറ്റുവേലക്കാലത്തിന് സമാനമായ ഇത് മഴയുടേതാണ്. ആകെ 52 ദിവസങ്ങളാണ് അൽവസ്മി നീണ്ടുനിൽക്കുക. ഈ ദിവസങ്ങളിൽ ലഭിക്കുന്ന മഴ സസ്യങ്ങൾക്ക് കൂടുതൽ വളരാൻ ഊർജമേകുന്നു. അറബി നോവലുകളിലും സാഹിത്യങ്ങളിലുമുള്ള പൊതുപ്രയോഗമാണ് 'അൽ വസ്മി'. വസന്തകാലത്തിന് തുടക്കമിട്ട് പെയ്യുന്ന മഴക്കാണ് അൽ വസ്മി എന്നുപറയുക.
നാളെ മുതൽ മഴക്ക് സാധ്യത
ദോഹ: ശനിയാഴ്ച മുതൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാനിടയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുണ്ട്. പ്രഭാതത്തിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുമെന്നതിനാൽ അന്തരീക്ഷത്തിൽ പൊടിപടലമുയരാം. ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നും നാളെയും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരിക്കും. വെള്ളിയാഴ്ച തെക്ക് കിഴക്കൻ ദിശയിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാനിടയുണ്ട്. ശനിയാഴ്ച കിഴക്കൻ ദിശയിലേക്ക് 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.