ദോഹ: ഈദ് അവധി കഴിഞ്ഞതിനു പിന്നാലെ ഖത്തറിൽ കോവിഡ് കേസുകളിൽ വർധന. ബുധനാഴ്ച 225 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് 230 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം, രോഗികളുടെ എണ്ണം താഴോട്ടുപോയ ഖത്തറിൽ നീണ്ട ഇടവേളക്കു ശേഷമാണ് വീണ്ടും 200നു മുകളിൽ വരുന്നത്. ജൂൺ അവസാനത്തോടെ നൂറിനും താഴെയായിരുന്നു കേസുകൾ.
പെരുന്നാളിന് മുമ്പും ശേഷവുമായി ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുകയും ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ ആൾക്കൂട്ടം സജീവമാവുകയും ചെയ്തിരുന്നു. അതിൻെറ കൂടി ഫലമെന്നോണമാണ് പെരുന്നാൾ അവധി കഴിഞ്ഞ് പുതിയ കേസുകളുടെ എണ്ണം 200 കടന്നത്.കഴിഞ്ഞ ദിവസങ്ങളിലായി സമ്പർക്കത്തിലൂടെ രോഗ ബാധിതരാവുന്നവരുടെ എണ്ണവും പതുക്കെ ഉയർന്നു.
പുതിയ 225 കേസിൽ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 108 പേർ വിദേശങ്ങളിൽനിന്നെത്തിയതാണ്. വിദേശത്തുനിന്നുള്ളവരുടെ കേസുകൾ നൂറുകടക്കുന്നതും നീണ്ട ഇടവേളക്കു ശേഷമാണ്.
ഒരു മരണം കൂടി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ, രാജ്യത്തെ കോവിഡ് മരണം 601 ആയി. 20 ദിവസത്തിനിടെ രണ്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 20 ലക്ഷം കവിഞ്ഞിരുന്നു.
166 പേർ ബുധനാഴ്ച രോഗമുക്തി നേടി. 1770 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 20,468 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 77പേർ ചികിത്സയിലുണ്ട്. 10 പേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 27 പേരും ചികിത്സയിലുണ്ട്. രണ്ടുപേരെ പുതുതായി പ്രവേശിപ്പിച്ചു.
കോവിഡ് വാക്സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 22,305 പേർ കൂടി വാക്സിനെടുത്തു. ഇതുവരെ 37.30 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.