ദോഹ: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ കുത്തനെ ഉയർന്ന ഖത്തറിലെ പ്രതിദിന കോവിഡ് കേസുകൾ ഒരുമാസത്തിനു ശേഷം ആയിരത്തിനും താഴെ. വെള്ളിയാഴ്ച 997 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും സ്ഥിരീകരിച്ചു. ജനുവരി ഒന്നിന് 833പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കുതിച്ചുകയറിയത്. അടുത്ത ദിവസം 998ഉം, മൂന്നിന് 1177 ആയും ഉയർന്നു. കുതിച്ചു കയറിയ പ്രതിദിന കോവിഡ് 4206 എന്ന സർവകാല റെക്കോഡിലുമെത്തിയ ശേഷമാണ് തിരിച്ചിറക്കം തുടങ്ങിയത്. ജനുവരി 12നായിരുന്നു ഏറ്റവും ഉയർന്ന കേസ്. പതുക്കെ കുറഞ്ഞുതുടങ്ങിയ ശേഷം ഇപ്പോൾ ഒരു മാസംകൊണ്ട് ആയിരത്തിലും താഴെയായി. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരിൽ 792 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 205 പേർ വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. 3,712 പേർ രോഗ മുക്തരായി. നിലവിൽ 15,617 പേർ രോഗ ബാധിതരായുണ്ട്. 29,463 പേർക്കാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആശുപത്രിയിൽ 167 പേർ ചികിത്സയിലുണ്ട്. ഇതിൽ 16 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. 50 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. രണ്ടു പേരാണ് കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപ്പെട്ടത്. 24 മണിക്കൂറിനിടെ 42,977 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 59.48 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.