ദോഹ: തവണവ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടുകൾ വാഹന വിൽപന കമ്പനികൾക്ക് സ്വന്തമാക്കാമെന്ന് വ്യക്തമാക്കി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാലാം നമ്പർ സർക്കുലർ പ്രകാരമാണ് വാഹന ഡീലർമാർക്ക് തവണവ്യവസ്ഥയിലെ വാഹന വിൽപന സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.
വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടവിന് ശേഷിയുണ്ടോ, ബാങ്ക് ഇടപാടുകളിലെ കൃത്യത തുടങ്ങിയവ കമ്പനികൾക്ക് തിരിച്ചറിയാൻ കഴിയുന്നതാണ് പുതിയ നിർദേശങ്ങൾ.
ഉപഭോക്താവിനെ സംബന്ധിച്ച് ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ നിന്നുള്ള ക്രെഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ രേഖകൾ വാഹനഡീലർ കമ്പനികൾക്ക് വാങ്ങാവുന്നതാണ്. ഇതിനുപുറമെ, ഉപഭോക്താവ് തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ശമ്പള സർട്ടിഫിക്കറ്റും മറ്റു അലവൻസ് സംബന്ധിച്ച വിവരങ്ങളും ബാങ്കിൽനിന്ന് കടബാധ്യത സംബന്ധിച്ച സർട്ടിഫിക്കറ്റും ഡീലർ കമ്പനികൾക്ക് വാങ്ങാൻ കഴിയും. സർക്കുലർ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ കമ്പനികൾ പുതിയ വ്യവസ്ഥകൾ പാലിച്ചിരിക്കണം.
പ്രധാന നിർദേശങ്ങൾ
• ഉപഭോക്താവിന്റെ സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ക്രെഡിറ്റ് ബ്യൂറോയിൽനിന്ന് ക്രെഡിറ്റ് റിപ്പോർട്ട് വാങ്ങാം
• ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് ശമ്പള സർട്ടിഫിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും നേടാം
• ബാങ്കിൽനിന്ന് കടബാധ്യത സംബന്ധിച്ച സർട്ടിഫിക്കറ്റ്
• തവണ വ്യവസ്ഥയിൽ വാഹനം വിൽക്കുന്ന ഡീലർമാർ ഖത്തർ ക്രെഡിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കണം. നേരിട്ട് ഉപഭോക്തൃ ക്രെഡിറ്റ് റിപ്പോർട്ട് ലഭ്യമാക്കുന്നതിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.