ദോഹ: ഗസ്സയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ പിടഞ്ഞുവീണ ഫലസ്തീനികളുടെ കരളലിയിപ്പിക്കുന്ന ദൃശ്യവും ഗസ്സയിലെ ഇസ്രായേലിന്റെ കിരാതമായ ആക്രമണങ്ങളിലെ നടുക്കവും പങ്കുവെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവും ഖത്തർ ഫൗണ്ടേഷൻ, എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദിന്റെ കുറിപ്പ്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നും ഗസ്സയിലെ ജനതക്ക് മാനുഷിക സഹായമെത്തിക്കണമെന്നും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾ അടക്കംചെയ്ത ബാഗുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ ജനത കൂട്ടക്കുരുതിക്ക് വിധേയമാകുമ്പോൾ അപലപിക്കാനുള്ള വാക്കുകൾ വെറും വാചാടോപങ്ങളായി മാറുകയാണ്. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിൽ ലോകം നടുങ്ങിയിരിക്കുന്നു. 500ൽ അധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ആക്രമണം മനുഷ്യ മനഃസാക്ഷിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമായി -ശൈഖ മൗസ രേഖപ്പെടുത്തി.
‘ഈ കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ കാണുന്നതിലൂടെ ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യങ്ങളിൽനിന്ന് മാറിനിൽക്കുന്നവരുടെ മനഃസാക്ഷിയെ പ്രകോപിപ്പിച്ചേക്കാം. അടിയന്തര വെടിനിർത്തലും മനുഷ്യത്വപരമായ സഹായവുമല്ലാതെ മറ്റൊരു മാർഗം മുന്നിലില്ല. ഗസ്സയിലെ ജനതക്ക് നേരെയുള്ള മാനുഷിക സഹായം വൈകുന്നത് അന്താരാഷ്ട്ര സമൂഹത്തെക്കൂടി ഈ ക്രൂരതയിൽ പങ്കാളികളാക്കുകയാണ്’ -ശൈഖ മൗസ വ്യക്തമാക്കി. കഴിഞ്ഞദിവസം അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 500ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തെ ഞെട്ടിച്ച കൂട്ടക്കുരുതിയിൽ ഇസ്രായേലിനെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഇരമ്പിയത്. ചില നഗരങ്ങളിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.