ദോഹ: ഈത്തപ്പഴം വേരുപിടിക്കാത്ത നാട്ടിൽനിന്നെത്തി, ഖത്തറിലെ ഈത്തപ്പഴ തോട്ടങ്ങളെല്ലാം കയറിയിറങ്ങി ശാസ്ത്രീയ ഗവേഷണം നടത്തി മരുഭൂമിയിലെ കർഷകർക്ക് ഉപദേശകയാവുക. ഇൗത്തപ്പഴങ്ങളെ ബാധിക്കുന്ന ഫംഗസുകളെ തിരിച്ചറിഞ്ഞും അവക്ക് പ്രതിരോധം തീർക്കുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയും മുന്നേറിയ ഗവേഷണ പഠനത്തിന് ഖത്തർ സർവകലാശാലയിൽനിന്ന് ഉന്നത വിജയത്തോടെ ഗവേഷണ ബിരുദം നേടുക. ഒടുവിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങുക.
ഖത്തറിലെ ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകനൽകുന്നതാണ് കോഴിക്കോട് വടകര സ്വദേശിയായ രസ്ന നിഷാദിെൻറ നേട്ടങ്ങൾ. ഏതാനും ദിവസം മുമ്പ് ഖത്തർ സർവകലാശലായിൽ നടന്ന ബിരുദദാന ചടങ്ങിലായിരുന്നു ഏറ്റവും മികച്ച വിജയം നേടിയ ഏതാനും പേർക്ക് അമീറിെൻറ പത്നി സ്വർണമെഡൽ സമ്മാനിച്ചത്. വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവരെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അവരിൽ ആറാമതായിരുന്നു ഈ മലയാളി വീട്ടമ്മ.
കുടുംബജീവിതത്തിെൻറ തിരിക്കിനിടയിൽ പഠനത്തോടും ജോലിയോടും നോ പറയുന്നവർക്കുള്ള തിരുത്താണ് ഈ വടകരക്കാരി. കഠിനാധ്വാനവും കുടുംബത്തിെൻറ ഉപാധികളില്ലാത്ത പിന്തുണയുമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാമെന്ന പാഠം പകർന്നുനൽകിയാണ് രസ്ന നിഷാദ് ഖത്തർ സർവകലാശാലയിൽനിന്ന് ബയോ ടെക്നോളജിയിൽ ഗവേഷണ ബിരുദം നേടുന്നത്. അറബ് ജീവിതത്തിെൻറ അടയാളമായ ഈത്തപ്പഴ തോട്ടങ്ങളായിരുന്നു അവരുടെ ഗവേഷണവിഷയം. കൃഷിയിലും വിളവെടുപ്പിലും കർഷകർ നേരിടുന്ന വെല്ലുവിളികളെ അവർ പഠനവിഷയമാക്കി. ഖത്തറിലെ ഒാരോ തോട്ടങ്ങളിലും കയറിയറങ്ങി പഠനം നടത്തി പുതിയ കണ്ടെത്തലുകൾ നടത്തി.
വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും ഈത്തപ്പഴങ്ങൾ കേടുവരുന്നത് തലവേദനയായ കർഷകർക്ക് അവരുടെ പഠനങ്ങൾ ആശ്വാസമായി. സെറാറ്റോസിറ്റ്സിസ് റാഡിസികോള എന്ന പേരിലെ ഫംഗസിനെ ഖത്തറിൽ ആദ്യമായി കണ്ടെത്തിയത് ഈ മലയാളിയായിരുന്നു. ഈത്തപ്പഴങ്ങൾക്കുണ്ടാക്കുന്ന കേടുപാടുകളെ കുറിച്ച് ഈ പഠനം ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ചു. ശേഷം, ഈ ഫംഗസിനെ തടയാനുള്ള 'ട്രൈകോഡർമ ഹർസിയാനം' എന്ന ഏജൻറിനെയും ആദ്യമായി തിരിച്ചറിഞ്ഞതും രസ്ന നിഷാദായിരുന്നു. ഈ പഠനങ്ങളെല്ലാം രാജ്യാന്തര പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. തുടർപഠനങ്ങളിൽ ഈത്തപ്പഴങ്ങളിലെയും ഫാമുകളിലെയും മണ്ണിലെയും മറ്റുമായി വിവിധ ഫംഗസുകളെയാണ് ഇവർ തിരിച്ചറിഞ്ഞത്.
2014ൽ ഖത്തർ സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം നേടിയ രസ്ന നിഷാദ്, വിവിധ ഘട്ടങ്ങൾ കടന്ന് 2020ൽ ഓപൺ ഡിഫൻസും കഴിഞ്ഞ് ഗവേഷണം പൂർത്തിയാക്കി. ഒടുവിലാണ് കഴിഞ്ഞ ദിവസം ബിരുദദാനം കഴിഞ്ഞത്.
വടകരയിലെ ശാന്തിനികേതൻ ഇസ്ലാമിക് സ്കൂളിൽ തുടങ്ങി, പി.എസ്.എം.ഒ കോളജിൽനിന്ന് പ്രീഡിഗ്രിയും തളിപ്പറമ്പ് സർസയിദ് ഗവ. കോളജിൽനിന്ന് ബി.എസ്സി ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ രസ്ന, പി.ജി പഠനത്തിെൻറ ഭാഗമായി ഹൈദരാബാദിൽ ഏതാനും മാസം റിസർച് ചെയ്തിരുന്നു. കേന്ദ്ര സർക്കാറിെൻറ സ്കോളർഷിപ്പും ലഭിച്ചതോടെ പഠനം തുടരാനുള്ള ആവേശമായി.
ഇതിനിടയിലാണ് തൃശൂർ കൊടകര സ്വദേശിയായ നിഷാദ് കെ. മുഹമ്മദ് ജീവിതത്തിലേക്ക് കടന്നുവരുന്നത്. െമെക്രോ ബയോളജിയിൽ റാങ്ക് ജേതാവായിരുന്ന നിഷാദിെൻറ കൂട്ടായതോടെ രസ്നയുടെ സ്വപ്നങ്ങൾ കൂടുതൽ വിശലമായി. മകൻ പിറന്ന് ഒന്നര വർഷത്തിനുശേഷം, കോഴിക്കോട് എൻ.ഐ.ടിയിൽ ജൂനിയർ റിസർച് ഫെലോ ആയി ഗവേഷണം എന്ന സ്വപ്നത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. ഇഞ്ചി തോട്ടങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനം. രണ്ടു വർഷം അവിടെ തുടർന്ന ശേഷം, ജീവിതം ഖത്തറിലേക്ക് പറിച്ചു നട്ടു. എൻ.ഐ.ടിയിൽ പൂർത്തിയാക്കാൻ പറ്റാത്ത ഗവേഷണപഠനം തുടരാനുള്ള അന്വേഷണമായിരുന്നു ഖത്തർ സർവകലാശാലയിലെത്തിച്ചത്.
കൈക്കുഞ്ഞായ മകനൊന്നും ആ ലക്ഷ്യത്തിനുമുന്നിൽ കടമ്പയായില്ല. ഇവിടെ എത്തി മൂന്നു മാസത്തിനകം ഖത്തർ സർവകലാശാലയിൽ റിസർച് അസിസ്റ്റൻറായി പ്രവേശിച്ചു. ഡിപ്പാർട്ട്മെൻറിൽ അധികം വൈകാതെ പിഎച്ച്.ഡി തുടങ്ങിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ് രസ്ന ഗവേഷണത്തിന് അപേക്ഷിച്ചത്. എഴുത്തുപരീക്ഷയും അഭിമുഖവുമായി നീണ്ട കടമ്പകൾക്കൊടുവിൽ 40ഓളം പേരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാളായി രസ്നയും ഉണ്ടായിരുന്നു. നാട്ടിലേതിൽനിന്ന് കൂടുതൽ കഠിനമായിരുന്നു ഇവിടത്തെ ഗവേഷണ കോഴ്സുകളെന്ന് ഇവർ പറയുന്നു. ആദ്യത്തെ ഒന്നര വർഷം കഠിനകാലമായിരുന്നു. മൂന്നുനാല് മണിക്കൂർ ക്ലാസ്. രാവിലെ ലാബിലെ പരീക്ഷണങ്ങൾ, വീട്ടിലെത്തിയാൽ ഹോം വർക്കുകൾ. ഇതിനിടയിൽ ഭർത്താവ് നിഷാദ് മകെൻറ കാര്യങ്ങളൊക്കെ ഏറ്റെടുത്തു. മാതാപിതാക്കളും വല്ലപ്പോഴും വന്നുനിന്നു.
ഒരുവർഷം കഴിഞ്ഞ് റിസർച് മികവ് അറിയാനുള്ള കോമ്പ്രഹൻസീവ് പരീക്ഷയും ശേഷം കാൻഡിഡസി പരീക്ഷയും കടന്നാലേ പിഎച്ച്.ഡി രജിസ്ട്രേഷൻ ലഭിക്കൂ. എല്ലാ കടമ്പകളിലും ഉന്നത വിജയം നേടി തന്നെ മുന്നേറി. ഒരുലക്ഷത്തിലേറെ റിയാൽ വരുന്ന ഫീസ് വെല്ലുവിളിയാവുമോ എന്ന് പ്രതീക്ഷിച്ചപ്പോൾ, ഖത്തർ റിസർച് ഫണ്ടിങ് ഇൻസ്റ്റിറ്റ്യൂഷനിൽനിന്ന് 40 ലക്ഷം ഡോളർ സ്കോളർഷിപ്പായി ലഭിച്ചത് അനുഗ്രഹമായി. ഒടുവിൽ വിശദമായ പഠനങ്ങളും ഗവേഷണങ്ങളുമായി സഞ്ചരിച്ച നാളുകൾ. ജർമനിയിലും നെതർലൻഡ്സിലും ശാസ്ത്ര സമ്മേളനങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. പുതിയ കണ്ടെത്തലുകൾ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ, ഈ വടകരക്കാരി ഡോ. രസ്ന നിഷാദാണ്. ഡോ. തലാത് അഹമ്മദ് അൽ ഫതാഹ് ആയിരുന്നു ഗവേഷണ ഗൈഡ്.
ദോഹയിലെ അൽ മർഖിയയിലെ വീട്ടിൽ മക്കളായ നൗഹീദ് അമാെൻറയും അമേലിയയുടെയും കുസൃതികളും തമാശകളും ആസ്വദിച്ച് അവർ ഒരു വീട്ടമ്മയാവുന്നു. എല്ലാത്തിനും തണലായി നിന്ന ഭർത്താവ് നിഷാദിനും ദൈവത്തിനും നന്ദിചൊല്ലുന്നു. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ഇടവേളയാണ് രസ്നക്കിത്. വടകരയിലെ വ്യാപാരിയായ കാരവൻ മഹമൂദ് ഹാജിയാണ് പിതാവ്. മാതാവ് റംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.