Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅറബ്​ മണ്ണിൽ...

അറബ്​ മണ്ണിൽ സ്വർണമണിഞ്ഞ​ ഈത്തപ്പഴ ഗവേഷക

text_fields
bookmark_border
അറബ്​ മണ്ണിൽ സ്വർണമണിഞ്ഞ​ ഈത്തപ്പഴ ഗവേഷക
cancel
camera_alt

രസ്​ന ഭർത്താവ്​ നിഷാദിനും മകൻ നൗഹീദ് അമാനുമൊപ്പം

ദോഹ: ഈത്തപ്പഴം വേരുപിടിക്കാത്ത നാട്ടിൽനിന്നെത്തി, ഖത്തറിലെ​ ഈത്തപ്പഴ തോട്ടങ്ങളെല്ലാം കയറിയിറങ്ങി ശാസ്​ത്രീയ ഗവേഷണം നടത്തി മരുഭൂമിയിലെ കർഷകർക്ക്​ ഉപദേശകയാവുക. ഇൗത്തപ്പഴങ്ങളെ ബാധിക്കുന്ന ഫംഗസുകളെ തിരിച്ചറിഞ്ഞും അവക്ക്​ പ്രതിരോധം തീർക്കുന്ന സൂക്ഷ്​മജീവികളെ കണ്ടെത്തിയും മുന്നേറിയ ഗവേഷണ പഠനത്തിന്​ ഖത്തർ സർവകലാശാലയിൽനിന്ന്​ ഉന്നത വിജയത്തോടെ ഗവേഷണ ബിരുദം നേടുക. ഒടുവിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ പത്​നി ശൈഖ ജവഹർ ബിൻത്​ ഹമദ്​ ബിൻ സുഹൈം ആൽഥാനിയിൽനിന്ന്​ സ്വർണമെഡൽ ഏറ്റുവാങ്ങുക.

ഖത്തറിലെ ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകനൽകുന്നതാണ്​ കോഴിക്കോട്​ വടകര സ്വദേശിയായ രസ്​ന നിഷാദി​െൻറ നേട്ടങ്ങൾ. ഏതാനും ദിവസം മുമ്പ്​ ഖത്തർ സർവകലാശലായിൽ നടന്ന ബിരുദദാന ചടങ്ങിലായിരുന്നു ഏറ്റവും മികച്ച വിജയം നേടിയ ഏതാനും പേർക്ക്​ അമീറി​െൻറ പത്​നി സ്വർണമെഡൽ സമ്മാനിച്ചത്​. വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവരെ വേദിയിലേക്ക്​ ക്ഷണിച്ചപ്പോൾ അവരിൽ ആറാമതായിരുന്നു ഈ മലയാളി വീട്ടമ്മ.

കുടുംബജീവിതത്തി​െൻറ തിരിക്കിനിടയിൽ പഠനത്തോടും ജോലിയോടും നോ പറയുന്നവർക്കുള്ള തിരുത്താണ്​ ഈ വടകരക്കാരി. കഠിനാധ്വാനവും കുടുംബത്തി​െൻറ ഉപാധികളില്ലാത്ത പിന്തുണയുമുണ്ടെങ്കിൽ ഏത്​ കൊടുമുടിയും കീഴടക്കാമെന്ന പാഠം പകർന്നുനൽകിയാണ്​ രസ്​ന നിഷാദ്​ ഖത്തർ സർവകലാശാലയിൽനിന്ന്​ ബയോ ടെക്നോളജിയിൽ ഗവേഷണ ബിരുദം നേടുന്നത്​. അറബ്​ ജീവിതത്തി​െൻറ അടയാളമായ ഈത്തപ്പഴ തോട്ടങ്ങളായിരുന്നു അവരുടെ ഗവേഷണവിഷയം. ​കൃഷിയിലും വിളവെടുപ്പിലും കർഷകർ നേരിടുന്ന വെല്ലുവിളികളെ അവർ പഠനവിഷയമാക്കി. ​ഖത്തറിലെ ഒാരോ തോട്ടങ്ങളിലും കയറിയറങ്ങി പഠനം നടത്തി പുതിയ കണ്ടെത്തലുകൾ നടത്തി.

വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും ഈത്തപ്പഴങ്ങൾ കേടുവരുന്നത്​ തലവേദനയായ കർഷകർക്ക്​ അവരുടെ പഠനങ്ങൾ ആശ്വാസമായി. സെറാറ്റോസിറ്റ്​സിസ്​ റാഡിസികോള എന്ന പേരിലെ ഫംഗസിനെ ഖത്തറിൽ ആദ്യമായി കണ്ടെത്തിയത്​ ഈ മലയാളിയായിരുന്നു. ഈത്തപ്പഴങ്ങൾക്കുണ്ടാക്കുന്ന കേടുപാടുകളെ കുറിച്ച്​ ഈ പഠനം ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ചു. ശേഷം, ഈ ഫംഗസിനെ തടയാനുള്ള 'ട്രൈകോഡർമ ഹർസിയാനം' എന്ന ഏജൻറിനെയും ആദ്യമായി തിരിച്ചറിഞ്ഞതും രസ്​ന നിഷാദായിരുന്നു. ഈ പഠനങ്ങളെല്ലാം രാജ്യാന്തര പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. തുടർപഠനങ്ങളിൽ ഈത്തപ്പഴങ്ങളിലെയും ഫാമുകളിലെയും മണ്ണിലെയും മറ്റുമായി വിവിധ ഫംഗസുകളെയാണ്​ ഇവർ തിരിച്ചറിഞ്ഞത്​.

2014ൽ ഖത്തർ സർവകലാശാലയിൽ പിഎച്ച്​.ഡിക്ക്​ പ്രവേശനം നേടിയ രസ്​ന നിഷാദ്​, വിവിധ ഘട്ടങ്ങൾ കടന്ന്​ 2020ൽ ഓപൺ ഡിഫൻസും കഴിഞ്ഞ്​ ഗവേഷണം പൂർത്തിയാക്കി. ഒടുവിലാണ്​ കഴിഞ്ഞ ദിവസം ബിരുദദാനം കഴിഞ്ഞത്​.

കുടുംബമായിരുന്നു കരുത്ത്​

വടകരയിലെ ശാന്തിനികേതൻ ഇസ്​ലാമിക്​ സ്​കൂളിൽ തുടങ്ങി, പി.എസ്​.എം.ഒ കോളജിൽനിന്ന്​ പ്രീഡിഗ്രിയും തളിപ്പറമ്പ്​ സർസയിദ്​ ഗവ. കോളജിൽനിന്ന്​ ബി.എസ്​സി ബിരുദവും ​കണ്ണൂർ സർവകലാശാലയിൽനിന്ന്​ ബയോടെക്​നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ രസ്​ന, പി.ജി പഠനത്തി​െൻറ ഭാഗമായി ഹൈദരാബാദിൽ ഏതാനും മാസം റിസർച് ചെയ്​തിരുന്നു. കേന്ദ്ര സർക്കാറി​െൻറ സ്​കോളർഷിപ്പും ലഭിച്ചതോടെ പഠനം തുടരാനുള്ള ആവേശമായി.

ഇതിനിടയിലാണ്​ തൃശൂർ കൊടകര സ്വദേശിയായ നിഷാദ്​ കെ. മുഹമ്മദ്​ ജീവിതത്തിലേക്ക്​ കടന്നുവരുന്നത്​. ​െമെക്രോ ബയോളജിയിൽ റാങ്ക്​ ജേതാവായിരുന്ന നിഷാദി​െൻറ കൂട്ടായതോടെ രസ്​നയുടെ സ്വപ്​നങ്ങൾ കൂടുതൽ വിശലമായി. മകൻ പിറന്ന്​ ഒന്നര വർഷത്തിനുശേഷം, കോഴിക്കോട്​ എൻ.ഐ.ടിയിൽ ജൂനിയർ റിസർച്​ ഫെലോ ആയി ഗവേഷണം എന്ന സ്വപ്​നത്തിലേക്ക്​ അരങ്ങേറ്റം കുറിച്ചു. ഇഞ്ചി തോട്ടങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനം. രണ്ടു വർഷം അവ​ിടെ തുടർന്ന ശേഷം, ജീവിതം ഖത്തറിലേക്ക്​ പറിച്ചു നട്ടു. എൻ.ഐ.ടിയിൽ പൂർത്തിയാക്കാൻ പറ്റാത്ത ഗവേഷണപഠനം തുടരാനുള്ള അ​ന്വേഷണമായിരുന്നു ഖത്തർ സർവകലാശാലയിലെത്തിച്ചത്​.

കൈക്കുഞ്ഞായ മകനൊന്നും ആ ലക്ഷ്യത്തിനുമുന്നിൽ കടമ്പയായില്ല. ഇവിടെ എത്തി മൂന്നു മാസത്തിനകം ഖത്തർ സർവകലാശാലയിൽ റിസർച് അസിസ്​റ്റൻറായി പ്രവേശിച്ചു. ഡിപ്പാർട്ട്​മെൻറിൽ അധികം വൈകാതെ പിഎച്ച്​.ഡി തുടങ്ങിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ്​ രസ്​ന ഗവേഷണത്തിന്​ അപേക്ഷിച്ചത്​. എഴുത്തുപരീക്ഷയും അഭിമുഖവുമായി നീണ്ട കടമ്പകൾക്കൊടുവിൽ 40ഓളം പേരിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാളായി രസ്​നയും ഉണ്ടായിരുന്നു. നാട്ടിലേതിൽനിന്ന്​ കൂടുതൽ കഠിനമായിരുന്നു ഇവിടത്തെ ഗവേഷണ കോഴ്​സുകളെന്ന്​ ഇവർ പറയുന്നു. ആദ്യത്തെ ഒന്നര വർഷം കഠിനകാലമായിരുന്നു. മൂന്നുനാല്​ മണിക്കൂർ ക്ലാസ്​. രാവിലെ ലാബിലെ പരീക്ഷണങ്ങൾ, വീട്ടിലെത്തിയാൽ ഹോം വർക്കുകൾ. ഇതിനിടയിൽ ഭർത്താവ്​ നിഷാദ്​ മക​െൻറ കാര്യങ്ങ​ളൊക്കെ ഏറ്റെടുത്തു. മാതാപിതാക്കളും വല്ലപ്പോഴും വന്നുനിന്നു.

ഒരുവർഷം കഴിഞ്ഞ്​ റിസർച് മികവ്​ അറിയാനുള്ള കോ​മ്പ്രഹൻസീവ്​ പരീക്ഷയും ശേഷം കാൻഡിഡസി പരീക്ഷയും കടന്നാലേ പിഎച്ച്​.ഡി രജിസ്​ട്രേഷൻ ലഭിക്കൂ. എല്ലാ കടമ്പകളിലും ഉന്നത വിജയം നേടി തന്നെ മുന്നേറി. ഒരുലക്ഷത്തിലേറെ റിയാൽ വരുന്ന ഫീസ്​ വെല്ലുവിളിയാവുമോ എന്ന്​ പ്രതീക്ഷിച്ചപ്പോൾ, ഖത്തർ റിസർച്​ ഫണ്ടിങ്​ ഇൻസ്​റ്റിറ്റ്യൂഷനിൽനിന്ന്​ 40 ലക്ഷം ഡോളർ സ്​കോളർഷിപ്പായി ലഭിച്ചത്​ അനുഗ്രഹമായി. ഒടുവിൽ വിശദമായ പഠനങ്ങളും ഗവേഷണങ്ങളുമായി സഞ്ചരിച്ച നാളുകൾ. ജർമനിയിലും നെതർലൻഡ്​സിലും ശാസ്​ത്ര സമ്മേളനങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. പുതിയ കണ്ടെത്തലുകൾ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ, ഈ വടകരക്കാരി ഡോ. രസ്​ന നിഷാദാണ്​. ഡോ. തലാത്​ അഹമ്മദ്​ അൽ ഫതാഹ്​ ആയിരുന്നു ഗവേഷണ ഗൈഡ്​.

ദോഹയിലെ അൽ മർഖിയയിലെ വീട്ടിൽ മക്കളായ നൗഹീദ് അമാ​െൻറയും അമേലിയയുടെയും കുസൃതികളും തമാശകളും ആസ്വദിച്ച്​ അവർ ഒരു വീട്ടമ്മയാവുന്നു. എല്ലാത്തിനും തണലായി നിന്ന ഭർത്താവ്​ നിഷാദിനും ദൈവത്തിനും നന്ദിചൊല്ലുന്നു. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ഇടവേളയാണ്​ രസ്​നക്കിത്​. വടകരയിലെ വ്യാപാരിയായ കാരവൻ മഹമൂദ് ഹാജിയാണ്​ പിതാവ്​. മാതാവ്​ റംല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researcherQatar aid
News Summary - Date researcher at Qatar
Next Story