ദോഹ: പൂക്കളംപോലെ പലനിറങ്ങളിലായി ഒരുക്കിയ ഈത്തപ്പഴങ്ങളുമായി ഖത്തറിലെ ഈത്തപ്പഴ ഉത്സവസീസണിന് തുടക്കം. എട്ടാമത് സൂഖ്വാഖിഫ് ഈത്തപ്പഴമേളക്കാണ് വ്യാഴാഴ്ച തുടക്കമായത്. ആഗസ്റ്റ് അഞ്ചുവരെ നീണ്ടുനിൽക്കുന്ന 10 നാളുകൾ മധുരമൂറും ഈത്തപ്പഴങ്ങളുടെ മഹാമേള. സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന മേളയിൽ ഇത്തവണ 103 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച ഫെസ്റ്റിലേക്ക് സന്ദർശകത്തിരക്ക് തുടങ്ങി. ഓരോ ദിവസവും 15 ടൺ വരെ ഈത്തപ്പഴങ്ങളുടെ വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെസ്റ്റ് ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു.
ദിവസവും ഉച്ച 3.30 മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റിവലിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം. സന്ദർശകത്തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 മണിവരെ സന്ദർശകർക്ക് പ്രവേശനം നൽകും. ഖത്തറിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രാദേശിക ഫാമുകളിൽ നിന്നായി വിളവെടുത്ത വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളുമായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ആദ്യദിനത്തിൽതന്നെ സ്വദേശി ഈത്തപ്പഴങ്ങൾ വാങ്ങാനെത്തിയ ആളുകളുടെ തിരക്കും ശ്രദ്ധേയമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, അൽ റസീസി, അൽ ലുലു, നബ്ത് സെയ്ഫ്, അൽ സഖായ് തുടങ്ങി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഇരുപതിലധികം ഇനം ഈത്തപ്പഴങ്ങളാണുള്ളത്.
ഇതിനു പുറമെ, ഈത്തപ്പഴങ്ങൾകൊണ്ടുള്ള ജ്യൂസ്, ഐസ്ക്രീം, കേക്ക്, പായസങ്ങൾ, സിറപ്പ് തുടങ്ങിയ വ്യത്യസ്ത ഉൽപന്നങ്ങളും ഈന്തപ്പനയോലകൾകൊണ്ടു നിർമിച്ച അലങ്കാരവസ്തുക്കൾ, സഞ്ചികൾ, പാത്രങ്ങൾ തുടങ്ങിയ കരകൗശല ഉൽപന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമായി ലഭ്യമാണ്. ഏഴു കമ്പനികൾ തങ്ങളുടെ സ്വന്തം ഉൽപന്നങ്ങളുടെ വിൽപനയുമായി വിശാലമായ പ്രദർശന വേദിയിൽ സജീവമാണ്. ഇത്തവണ ഏറ്റവും മികച്ച ഈത്തപ്പഴ ഫാമിനുള്ള സമ്മാനവും സംഘാടകർ ഒരുക്കുന്നുണ്ട്. മേളയിൽ വിൽപന നടത്തുന്നവരിൽനിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പേർക്കായിരിക്കും സംഘാടകരുടെ സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.