ദോഹ: ഖത്തറിലെ നൃത്ത, സംഗീത കലാവിദ്യാലയമായ സ്കിൽസ് ഡെവലപ്മെന്‍റ് സെന്‍ററിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ഒരുകൂട്ടം കലാകാരന്മാർ അരങ്ങിലേക്ക്. കർണാടിക് സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലെ പരിശീലനം പൂർത്തിയാക്കിയ 150ൽപരം വിദ്യാർഥികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന 'സ്വരലയ 2022'ന്‍റെ വേദിയിലൂടെ അരങ്ങേറ്റം കുറിക്കുമെന്ന് സംഘാടകരും നൃത്താധ്യാപികമാരും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഖത്തറിൽ 21 വർഷമായി കലാസാംസ്കാരിക മേഖലയിലെ പരിശീലനവുമായി സജീവ സാന്നിധ്യമായ സ്കിൽസിന് കീഴിൽ നൃത്ത, സംഗീത പരിശീലനം നേടിയവർ രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് അരങ്ങേറ്റം കുറിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി മുടങ്ങിയ 'സ്വരലയം' ഇത്തവണ ഐ.സി.സി അശോക ഹാളിൽ വിപുലമായ പരിപാടികളോടെ അരങ്ങേറും. ദിവസവും വൈകീട്ട് ഏഴ് മുതലാണ് പരിപാടികൾ. ആദ്യ ദിനമായ വ്യാഴാഴ്ച കർണാടിക് മ്യൂസിക് വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയ 50ഓളം കലാകാരന്മാർ അരങ്ങേറും. ചടങ്ങിൽ ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്‍റ് വിനോദ് നായർ മുഖ്യാതിഥിയാവും. രണ്ടാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്വരലയയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ 60ഓളം ഭരതനാട്യ കലാകാരന്മാർ നൃത്തച്ചുവടുകളോടെ അരങ്ങേറ്റം കുറിക്കും. സമാപനദിനമായ ശനിയാഴ്ച 30ഓളം ഭരതനാട്യ കലാകാരന്മാരും 10ഓളം മോഹിനിയാട്ടം നർത്തകികളും അരങ്ങേറും. മൂന്നു ദിവസവും സ്കിൽഡ് ഡെവലപ്മെന്‍റ് സെന്‍ററിലെ ചിത്രകലാധ്യാപകനായ കൗസ്തവ് ദാസ് ഗുപ്തയുടെ ചിത്രകലാപ്രദർശനവുമുണ്ടാവും.
ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, ഹിന്ദുസ്ഥാനി, കർണാടിക്, വെസ്റ്റേൺ മ്യൂസിക്, യോഗ, കരാട്ടേ, ഡ്രോയിങ്, തബല, ഗിത്താർ എന്നിങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കലാമണ്ഡലത്തിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ മികച്ച അധ്യാപകരുടെ കീഴിലാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 4465 5433, 66798442 എന്നീ നമ്പറുകളിലോ skillsqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ സ്കിൽസ് ഡയറക്ടർ പി. വിജയകുമാർ, എ.കെ. ജലീൽ, മാനേജർ പി.ബി. ആഷിക് കുമാർ, അധ്യാപികമാരായ കലാമണ്ഡലം സിംന സുജിത്, കലാമണ്ഡലം ഭവ്യ ഇ. പ്രഭ, കലാമണ്ഡലം ആര്യശ്രീ അശ്വിൻ, കലാമണ്ഡലം ശ്രുതി പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.