ഖത്തറിന്റെ കടലോരങ്ങളിലോ മരുഭൂമിയിലോ ഒരു പ്ലാസ്റ്റിക് മാലിന്യം വീണാൽ ജോസ് സൗസിഡോയുടെ മുഖം വിവർണമാകും. കരയിലും കടലിലുമായി ഭൂമിക്ക് നാശംവരുത്തുന്ന പ്ലാസ്റ്റിക്കിനെ നുള്ളിയെടുത്ത് മണ്ണിനെ സംരക്ഷിക്കാൻ ഈ അമേരിക്കക്കാരനെത്തും. കഴിഞ്ഞ അഞ്ചു വർഷമായി ഖത്തറിന്റെ തീരങ്ങളിലും മരുഭൂമികളിലുമെല്ലാം എല്ലാ വെള്ളിയാഴ്ചകളിലും ഇതാണ് കാഴ്ച. ഒന്നിൽ തുടങ്ങി, പത്തും ഇരുപതുമായി വളർന്ന് ഇന്ന് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മായി മാറിയ 'ഡീപ്' അഥവാ ദോഹ എൻവയൺമെന്റൽ ആക്ഷൻസ് പ്രോജക്ടിന്റെ കഥ.
2017 മേയിൽ ആരംഭിച്ച്, ഇന്ന് ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണത്തിലെ ജീവത്തുടിപ്പായി മാറിയ 'ഡീപി'ന്റെ കഥ ജോസ് സൗസിഡോ എന്ന അമേരിക്കൻ ഇൻഡസ്ട്രിയൽ എൻജിനീയറും പരിസ്ഥിതി പ്രവർത്തകനുമായ ഈ മനുഷ്യന്റെയും കഥയാണ്. ബീച്ചുകളിലെ പ്ലാസ്റ്റിക്കുകൾ നീക്കംചെയ്യുക എന്ന നിലയിലായിരുന്നു 'ഡീപി'ന്റെ തുടക്കമെന്ന് ജോസ് വിശദീകരിക്കുന്നു. സന്നദ്ധസേവനം എന്നനിലയിൽ തനിച്ചായിരുന്നു ഈ വഴിയിലേക്കിറങ്ങിയത്. പിന്നെ രണ്ടും മൂന്നും പേരായി. ഒടുവിൽ ചെറു ഗ്രൂപ്പിൽനിന്ന് വലിയൊരു കൂട്ടായ്മയായി ഡീപ് മാറി. എല്ലാ വെള്ളിയാഴ്ചകളിലും ഖത്തറിന്റെ ഏതെങ്കിലും കടലോരങ്ങളെ ശുചീകരണസ്ഥലമായി തിരഞ്ഞെടുത്ത് വളന്റിയർമാർ അവിടെ സംഗമിച്ചു. കൈയിൽ കരുതുന്ന സഞ്ചിയിലേക്ക് പ്ലാസ്റ്റിക് കുപ്പികളും കവറുകളും കടൽതീരത്തെത്തിക്കുന്ന മാലിന്യങ്ങളും ഉപയോഗ ശൂന്യമായ മത്സ്യബന്ധന വലകളുമെല്ലാം വാരിക്കൂട്ടും. പതുക്കെ ശ്രദ്ധ നേടിത്തുടങ്ങിയ 'ഡീപ്' വിവിധ കമ്യൂണിറ്റി അംഗങ്ങളും സ്വദേശികളും ഉൾപ്പെടെ വളന്റിയർമാരുള്ള വലിയ സംഘമായി മാറി. സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രവർത്തനം ആരംഭിച്ചു. വിവിധ സ്കൂളുകളിലെത്തി വിദ്യാർഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന്റെയും പ്രാധാന്യം വിവരിച്ച് അവരിലും ചുറ്റുപാടിനോടുള്ള സ്നേഹം പകർന്നുനൽകി.
ഒരു കടലോരനടത്തത്തിൽ പിറന്ന 'ഡീപ്'
അമേരിക്കയിൽ ഭക്ഷ്യമേഖലയിൽ ജോലിചെയ്തിരുന്ന ജോസ് ഭാര്യയുടെ ജോലിയാവശ്യാർഥമാണ് ഖത്തറിലെത്തുന്നത്. ഇവിടെ കൺസൽട്ടേഷൻ സ്ഥാപനം ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു ജോസ്. അങ്ങനെയിരിക്കെ സുഹൃത്തായ ജിയാനി ബ്രൗണിനൊപ്പമുള്ള ഒരു കടലോരനടത്തം വഴിത്തിരിവായി. വലിച്ചെറിഞ്ഞ നിലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ച ജിയാനിയിൽ നിന്നായിരുന്നു ഡീപിന്റെ തുടക്കം. എന്നാൽ, ഒരുവർഷത്തിനുള്ളിൽ അവർ മടങ്ങിയതോടെ ജോസ് 'ഡീപി'ന്റെ പ്രവർത്തനം ഏറ്റെടുത്തു. അങ്ങനെ, ജോലിതേടിയെത്തിയ ഖത്തറിന്റെ മണ്ണിൽ സജീവ പരിസ്ഥിതിപ്രവർത്തകനായി മാറ്റപ്പെട്ടു. ഇന്ന് എല്ലാ വെള്ളിയാഴ്ചകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് നീക്കംചെയ്യാനായി രംഗത്തിറങ്ങുന്ന 'ഡീപി'ന്റെ ഡയറക്ടറാണ് ജോസ്.
ഖത്തർ പരിസ്ഥിതി മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഖത്തർ മ്യൂസിയവുമെല്ലാം 'ഡീപി'ന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്. കടലോരത്തും മരുഭൂമിയിലുമായി നടക്കുന്ന പ്രവർത്തനങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് സംസ്കരിക്കുന്നത്. 'ഡീപി'ന്റെ ശുദ്ധീകരണപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസയും ഒരു ദിനം മാലിന്യം നീക്കംചെയ്യാനുള്ള ക്യാമ്പിൽ പങ്കാളിയായിരുന്നു. സ്കൂൾ വിദ്യാർഥികൾ, പ്രഫഷനലുകൾ, സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ, കമ്യൂണിറ്റി സംഘടനകൾ അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരാണ് ഡീപിനൊപ്പം ഖത്തറിന്റെ മണ്ണിനെ പ്ലാസ്റ്റിക് രഹിതമാക്കാനിറങ്ങുന്നത്. ഇതിനകം 14,000ത്തോളം വളന്റിയർ സേവനങ്ങൾ പൂർത്തിയായി. 290ൽ ഏറെ ക്ലീനിങ് ക്യാമ്പുകൾ, നീക്കംചെയ്തതാവട്ടെ 150 ടണ്ണിലേറെ മാലിന്യങ്ങളും. കോവിഡ് മുമ്പ് സജീവമായി തുടങ്ങിയ ക്യാമ്പുകൾ 2020 മാർച്ച് മുതൽ ഏതാനും മാസം തടസ്സപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം വീണ്ടും സജീവമായതായി ജോസ് പറയുന്നു.
ക്യാമ്പുകൾക്കൊപ്പം സ്കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജോസ് സൗസിഡോയുടെ ബോധവത്കരണ ക്ലാസുകളും സജീവമാണ്. കുരുന്നുകളിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് ഭൂമിക്ക് നൽകുന്ന അപകടങ്ങളെ കുറിച്ചും ബോധവത്കരണം നടത്തിക്കൊണ്ട് ജീവിക്കുന്ന മണ്ണിന്റെ സംരക്ഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടതാണ് ഈ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.