ദോഹ: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് പോരാട്ടങ്ങളുടെ ആരവങ്ങൾക്കിടെ ഖത്തറിലെ ഗോൾഡൻ ബോയ് മുഅതസ് ബർഷിമിന്റെ നേതൃത്വത്തിൽ നടന്ന ലോകത്തിലെ ചാട്ടക്കാരുടെ പോരാട്ടത്തിൽ വെല്ലുവിളിയില്ലാതെ ബർഷിം. കതാറയില്‍ നടന്ന പ്രഥമ ഗ്രാവിറ്റി ചലഞ്ച് ഹൈജംപിൽ ലോകത്തിലെ മുൻനിര താരങ്ങളെല്ലാം മാറ്റുരച്ചപ്പോൾ ഒളിമ്പിക്സ്, ലോകചാമ്പ്യനായ മുഅതസ് ബർഷിം 2.31 മീറ്റർ ചാടിയാണ് ജേതാവായത്. ആദ്യ അവസരത്തില്‍തന്നെ ബർഷിമിന് മെഡലിലേക്ക് പറന്നിറങ്ങാൻ കഴിഞ്ഞു. 12 ദിവസങ്ങള്‍ക്കു
മുമ്പ് ചൈനയില്‍ നടന്ന ഡെല്‍റ്റ അത്ലറ്റിക്സ് ഡയമണ്ട് ഗാലയില്‍ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ബർഷിം സ്വന്തം മണ്ണിൽ നടത്തിയത്. തന്റെ തന്നെ സ്വപ്നത്തില്‍ പിറന്ന ഗ്രാവിറ്റി ചലഞ്ചിന്റെ ആദ്യ എഡിഷനില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ബര്‍ഷിം പറഞ്ഞു. ചൈനയുടെ ഏഷ്യന്‍ ചാമ്പ്യന്‍ വൂ സാങ്യോക് ആണ് രണ്ടാം സ്ഥാനത്ത്. 2.31 മീറ്റര്‍ രണ്ടാം ശ്രമത്തിലാണ് ചൈനീസ് താരം മറികടന്നത്. 2.28 മീറ്റര്‍ ഉയരം കണ്ടെത്തിയ അമേരിക്കയുടെ ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ജുവാന്‍ ഹരിസണ്‍ ആണ് മൂന്നാം സ്ഥാനത്ത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെയും ഖത്തര്‍ അത്ലറ്റിക് ഫെഡറേഷന്റെയും സഹായത്തോടെ കതാറയിലാണ് വാട്ട് ഗ്രാവിറ്റി ചലഞ്ച് എന്നപേരില്‍ ഹൈജംപ് പോരാട്ടം സംഘടിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പേ തന്റെ ചിന്തയിലുദിച്ച ഹൈജംപർമാരുടെ പോരാട്ടത്തിന് ഖത്തർ അത്ലറ്റിക് ഫെഡറേഷന്റെയും ഒളിമ്പിക് കമ്മിറ്റിയുടെയും പിന്തുണയാണ് യാഥാർഥ്യമാകുന്നതിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.