ദോഹ: ഖത്തറിലെ കായികപ്രേമികൾ കാത്തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ അഞ്ചാം സീസൺ ദീർഘദൂര ഓട്ടങ്ങളിലേക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഫെബ്രുവരി 23ന് ദോഹ എക്സ്പോ വേദിയായ അൽ ബിദ പാർക്കിൽ നടക്കുന്ന വിവിധ ദൂര വിഭാഗങ്ങളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഇനിയും ബാക്കിയുള്ളവർക്ക് മുന്നിലുള്ളത് മണിക്കൂറുകൾ മാത്രം. അത്ലറ്റുകൾക്കുള്ള ബിബ്, ജഴ്സി വിതരണങ്ങൾ ബാക്കിനിൽക്കെ രജിസ്ട്രേഷൻ നേരത്തെ അവസാനിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ‘ക്യൂ ടിക്കറ്റ്സ്’ വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്ത് മത്സരത്തിലെ പങ്കാളിത്തം ഉറപ്പിക്കാവുന്നതാണ്.
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്തർ റൺ ഇത്തവണ ദോഹ എക്സ്പോ ഉൾപ്പെടെ ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ചാണ് നടത്തുന്നത്. നസീം ഹെൽത്ത് കെയറാണ് റണ്ണിന്റെ മുഖ്യ പ്രായോജകർ.രാവിലെ ഏഴിന് ആരംഭിക്കുന്ന റണ്ണിൽ 60ൽ ഏറെ രാജ്യക്കാരായ ഓട്ടക്കാർ പങ്കുചേരും. 10 കി.മീ, 5 കി.മീ, മൂന്ന് കി.മീ (ഓപൺ, മാസ്റ്റേഴ്സ്, ജൂനിയേഴ്സ്), 800 മീ (മിനി കിഡ്സ്) കാറ്റഗറികളിലാണ് മത്സരങ്ങൾ. ഫിനിഷ് ചെയ്യുന്നവർക്ക് മെഡലുകൾ, വിവിധ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ എന്നിവയും കാത്തിരിക്കുന്നു.
ഖത്തറിലെ സ്വദേശികളും, പ്രവാസി ഇന്ത്യക്കാരും മുതൽ വിവിധ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ കായിക പ്രേമികൾക്കിടയിലെ ശ്രദ്ധേയ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പായി മാറിക്കഴിഞ്ഞതാണ് ഖത്തർ റൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.