ദോഹ: ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി തൊഴിൽമന്ത്രാലയം. സേവന പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക, ക്ലൗഡ് സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നിവയിൽ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്ന തൊഴിൽ മന്ത്രാലയം, എ100 ജി.പി.യുകൾ വിവിധ പ്രോഗ്രാമുകളിൽ അവ ഉപയോഗിക്കുകയും ചെയ്യുന്ന മിഡിലീസ്റ്റിലെ ആദ്യ മന്ത്രാലയവും കൂടിയാണ്. ഖത്തറിന്റെ ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാങ്കേതികവത്കരണത്തിന് നേതൃത്വം നൽകാനും നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് സേവനങ്ങൾ വികസിപ്പിക്കുന്നതിൽ നിർമിതബുദ്ധിയെയും ഉപയോഗപ്പെടുത്തുന്നത്.
തൊഴിൽ മാനേജ്മെന്റിന് കൂടുതൽ ഉണർവ് നൽകാനും പ്രവർത്തനങ്ങൾ പരിഷ്കരിക്കാനും ഉപഭോക്തൃ സംതൃപ്തി സൂചിക ഉയർത്താനും ലക്ഷ്യമിട്ട് 2022 നവംബറിൽ മൈക്രോസോഫ്റ്റ് അസ്യൂർ ക്ലൗഡ് പ്ലാറ്റ്ഫോമിൽ മന്ത്രാലയം തങ്ങളുടെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു.ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനപ്പുറം, ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും മികച്ച ഉപയോക്തൃ അനുഭവം നൽകുകയെന്നതും ഇതിന് നേതൃത്വം നൽകുന്ന മന്ത്രാലയത്തിന് കീഴിലെ ട്രാൻസ്ഫോർമേഷൻ മാനേജ്മെന്റ് ഓഫിസിന്റെ ചുമതലയാണ്.
ഇതിനായി മികച്ച സോഫ്റ്റ് വെയറുകളുടെ വികസനം, ക്ലൗഡ് നേറ്റിവ് സേവനങ്ങൾ, നിർമിതബുദ്ധി, മെഷീൻ ലേണിങ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് നൂതന പരിഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.