ദോഹ: ആഘോഷങ്ങളിലും മേളകളിലും എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഖത്തറിന്റെ പാരമ്പര്യം. ആരോഗ്യമുള്ളവർക്കൊപ്പം ശാരീരിക അവശതകൾ നേരിടുന്നവർക്കും ഇവിടെ ഇടമുണ്ട്. അൽ ബിദ പാർക്കിൽ ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് വേദിയുണർന്നപ്പോഴുമുണ്ട് ഈ പരിഗണന.
ഭിന്നശേഷിക്കാരായ (പി.ഡബ്ല്യൂ.ഡി-പേഴ്സൻസ് വിത് ഡിസേബിലിറ്റീസ്) സന്ദർശകർക്ക് പ്രത്യേകം പരിഗണന നൽകുന്നതിലും അവർക്കായി സൗകര്യമൊരുക്കുന്നതിൽ ഏറെ താൽപര്യമെടുക്കുന്നതായി സംഘാടകർ വ്യക്തമാക്കി. എക്സ്പോയുടെ പ്രധാന കവാടങ്ങൾക്ക് സമീപത്തായി അവർക്കുവേണ്ടി പ്രത്യേകം പാർക്കിങ് സ്ഥലങ്ങൾ നൽകുന്നതോടൊപ്പം എക്സ്പോയിലെ എല്ലാ സൗകര്യങ്ങളിലേക്കും പ്രവേശനം ഉറപ്പാക്കുന്നതിന് പ്രത്യേകം സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള അടയാളങ്ങൾ സ്ഥാപിക്കുകയും അവർക്കുവേണ്ടി വിശാലമായ ഇടനാഴികൾ രൂപകൽപന ചെയ്യുകയും ചെയ്തതായും എല്ലാ പരിപാടികളിലും അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സംഘാടക സമിതി വിശദീകരിച്ചു.എക്സ്പോ വേദിയിലെ ഭക്ഷ്യകൗണ്ടറുകളും പരിപാടികൾ കാണുന്നതിനുള്ള സ്ക്വയറുകളും രൂപകൽപന ചെയ്യുന്നതിൽ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളെ സംഘാടകർ പരിഗണിച്ചിട്ടുണ്ട്.
കോൺഫറൻസ് ഹാളുകളിൽ ഉൾപ്പെടെ അവരുടെ പങ്കാളിത്തത്തിന് തടസ്സംസൃഷ്ടിക്കുന്ന കാര്യങ്ങളെല്ലാം സംഘാടകർ നീക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് നിരവധി അവസരങ്ങൾ നൽകുന്നതിന് അവരെക്കൂടി ഉൾപ്പെടുത്തിയുള്ള സംവേദനാത്മകമായ അന്തരീക്ഷമാണ് എക്സ്പോയിൽ സൃഷ്ടിച്ചിരിക്കുന്നതെന്നും പാരിസ്ഥിതികമോ കാർഷികമോ ആയി ബന്ധപ്പെട്ട വിനോദ, സാംസ്കാരിക, വൈജ്ഞാനിക പരിപാടികളിൽ അവർക്ക് മികച്ച അനുഭവം നൽകുന്നുവെന്നും ഖത്തർ സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സ് ഡയറക്ടർ ബോർഡ് അംഗം താലിബ് അഫീഫ പറഞ്ഞു. അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ സംഘാടക സമിതി നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.