ദോഹ: ഖത്തർ - സൗദി അറേബ്യ കോഓഡിനേഷൻ കൗൺസിൽ യോഗത്തിന്റെ തുടർച്ചയായി ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി. റിയാദിൽ നടന്ന ചർച്ചയിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയും, സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദും ഇരു രാജ്യങ്ങൾക്കുമിടയിലെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
സുരക്ഷ സഹകരണവും, വിവിധ മേഖലകളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായി. കര അതിർത്തികളിലെ യാത്രക്കാരുടെ വിവരങ്ങൾ കൈമാറുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ കരാറൊപ്പുവെച്ചു. ഖത്തർ അതിർത്തിയായ അബു സംറയിലെയും സൗദി അതിർത്തിയായ സൽവയിലെയും യാത്രക്കാരുടെ വിശദാംശങ്ങൾ കൈമാറുകയുമാണ് കർമപദ്ധതിയുടെ ലക്ഷ്യം.
മന്ത്രിതല യോഗത്തിന്റെ തുടർച്ചയായി ചൊവ്വാഴ്ച അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥ സംഘം ഓൺലൈൻ വഴി ചർച്ച നടത്തി. ഖത്തർ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ എവിഡന്റ് ആൻഡ് ഇൻഫർമേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അലി താലിബ് അഫിഫയും സൗദി പാസ്പോർട്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സൗദ് ബിൻ ബന്ദർ അൽ സൂറും ഇരു സംഘങ്ങളെയും നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.