ദോഹ: ഈ വർഷം ഒക്ടോബറിൽ തുടങ്ങി ആറുമാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയുടെ ഒരുക്കങ്ങൾ അൽ ബിദ പാർക്കിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എക്സ്പോ തയാറെടുപ്പുകളുടെ ഭാഗമായുള്ള ജോലികൾ അവസാനഘട്ടത്തിലെത്തി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ചുമതലയുള്ള ഏജൻസി സൈറ്റിലെ പ്രധാന ജോലികളെല്ലാം പൂർത്തിയാക്കിയതായി പ്രാദേശിക അറബി ദിനപത്രമായ ‘അൽ റായ’ റിപ്പോർട്ട് ചെയ്തു. എക്സ്പോ 2023ന്റെ ലെഗസി കെട്ടിടമായി വിലയിരുത്തുന്ന എക്സ്പോ ഹൗസും ദോഹ എക്സ്പോയുടെ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടും. ഭൂപ്രകൃതിയുമായി ഇണങ്ങിച്ചേർന്ന വിധത്തിൽ കുന്നിന്റെ ആകൃതിയിലുള്ള കെട്ടിടം ഹരിതാഭയാൽ മൂടപ്പെട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മുന്നിൽ വിശാലമായ തുറസ്സായ സ്ഥലവും അതിന്റെ മധ്യഭാഗത്തായി ജലധാരയുമുള്ള എക്സ്പോ ഹൗസ്, അർധ വൃത്താകൃതിയിലാണ് നിർമിക്കുന്നത്.
പവിലിയന്റെ വശങ്ങളിലുള്ള ബെഞ്ചുകൾ പ്രകൃതിദത്തമായ ആംഫി തിയറ്ററായാണ് ഒരുക്കുന്നത്. അതിശയകരമായ കാഴ്ചകൾക്കൊപ്പം എക്സ്പോ ഇവൻറുകൾക്കും ഒത്തുചേരലുകൾക്കും ഇവിടം വേദിയാകും. 17 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇൻറർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയാറാക്കിയിരിക്കുന്നത്. കൂടാതെ ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളും സജ്ജമാക്കുന്നുണ്ട്.
2023 ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയായി ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിന മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇൻറർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.