ദോഹ: 80 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ മൂന്നു ദശലക്ഷത്തിലധികം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന ദോഹ എക്സ്പോക്ക് കൊടിയേറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് 179 ദിവസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോ 2023ന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
പാരിസ്ഥിതിക, സാംസ്കാരിക, വിനോദ മേഖലകളിലായി നടക്കുന്ന പ്രധാന പരിപാടികളാണ് എക്സ്പോയുടെ ആകർഷണം. വിവിധ മേഖലകളിലെ വൈദഗ്ധ്യമുള്ളവരും പുതിയ ആളുകളും തമ്മിലുള്ള സംവാദങ്ങളും കൂടിക്കാഴ്ചകളും പാനൽ ചർച്ചകളും ആഗോള പരിപാടിക്ക് പുതിയ മാനം നൽകും. എക്സ്പോയുമായി ബന്ധപ്പെട്ട് വൈവിധ്യവും വ്യത്യസ്തമായതുമായ നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘാടകർ ഒരുക്കിയിരിക്കുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തിൽ നിന്നെടുത്ത വാക്കുകളാണ് പ്രൊഫൈലിന് മുകളിലായി നൽകിയിരിക്കുന്നത്. ‘വർത്തമാനകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണ് ഖത്തർ നാഷനൽ വിഷൻ 2030. സാമ്പത്തികവും സാമൂഹികവുമായ നീതി നിലനിൽക്കുന്നതും, പരിസ്ഥിതിക്കും മനുഷ്യനുമിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നതുമായ ഊർജസ്വലരായ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടാണത്. നമ്മുടെ കൂട്ടായ ഊർജത്തെ സംയോജിപ്പിക്കുകയും അതിനെ നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നമ്മുടെ മാർഗം’- ഇതായിരുന്നു അമീറിന്റെ വാക്കുകൾ.
പ്രത്യേക ലക്ഷ്യവും കാഴ്ചപ്പാടും മൂല്യങ്ങളുമുള്ള ഒരു ബ്രാൻഡായി ഇതിനകം ദോഹ എക്സ്പോ അറിയപ്പെട്ടു കഴിഞ്ഞു.
മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിനും കാർഷിക വികസനത്തിനും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി വിവരങ്ങളും പുതുമകളും കൈമാറാൻ ആളുകൾ ഒത്തുചേരേണ്ടതുണ്ട്. നവീകരണത്തിന്റെയും വൈവിധ്യത്തിന്റെയും പ്രചോദനത്തിന്റെയും വളർച്ചയുടെയും ബ്രാൻഡായി ദോഹ എക്സ്പോ അറിയപ്പെടും. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്നതാണ് ദോഹ എക്സ്പോയുടെ മുദ്രാവാക്യം. നൂതനമായ പരിഹാരമാർഗങ്ങളെക്കുറിച്ച് ആളുകളെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അറിയിക്കാനും മരുഭൂവൽക്കരണം കുറക്കാനും ലക്ഷ്യമിടുന്ന മുദ്രാവാക്യമാണിത്.
നാല് ഉപപ്രമേയങ്ങളാണ് ദോഹ എക്സ്പോയുടെ അടിസ്ഥാനം. ആധുനിക കൃഷിരീതിയാണ് ഇതിൽ ഒന്നാമത്തേത്. ജനങ്ങൾക്ക്, പ്രേത്യകിച്ചും മരുഭൂപ്രദേശങ്ങളിൽ സുരക്ഷിതവും സുസ്ഥിരവും താങ്ങാവുന്നതുമായ പോഷകാഹാരം ഉൽപാദിപ്പിക്കുന്നതിനുള്ള നവീകരണവും ഗവേഷണവും ശാസ്ത്രീയ പുരോഗതിയുമാണ് ഇതിലുൾപ്പെടുന്നത്. സാങ്കേതികവിദ്യയും നവീകരണവുമാണ് രണ്ടാമത്തെ ഉപപ്രമേയം. കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയുടെ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്നതാണ് ഇതിനു കീഴിൽ വരുന്നത്.
പരിസ്ഥിതി അവബോധം മൂന്നാമത്തെ അച്ചുതണ്ടിനെ പ്രതിനിധാനം ചെയ്യുന്നു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പെരുമാറ്റ മനോഭാവത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറെ അറിയപ്പെടുന്നതും പൊതുവായതുമായ സുസ്ഥിരതയാണ് നാലാമത്തെ ഭാഗം.
മൂന്ന് പ്രദർശന മേഖലകൾ ഉൾപ്പെടുന്നതാണ് ദോഹ എക്സ്പോ. അഞ്ചു ലക്ഷം വീതം ചതുരശ്രമീറ്റർ വിസ്തൃതിയിൽ കുടുംബ പ്രദേശവും സാംസ്കാരിക മേഖലയും വരുമ്പോൾ, ഏഴു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലെ അന്താരാഷ്ട്ര മേഖലയാണ് മൂന്നാമത്തേത്.
8920 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഫാമിലി ഗാലറി കുടുംബമേഖലയിലെ പ്രധാന സവിശേഷതയാണ്. 1500 മുതൽ 2000 പേർക്കു വരെ ഒരേസമയം ഇവിടെ കഴിയാം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്ക് മാത്രമായിരിക്കും ഇത് ഉപയോഗപ്പെടുത്തുക. കുടുംബമേഖലയിലെ കാർഷിക ചന്ത മറ്റൊരു സവിശേഷത. അന്താരാഷ്ട്ര പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇവിടെ എത്തിച്ച് പ്രദർശിപ്പിക്കാനും വിൽപന നടത്താനും അനുവാദമുണ്ടായിരിക്കും. ഖത്തരി ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടം അനുവദിക്കുന്നതിനാൽ പ്രാദേശിക കർഷകർക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ മൂന്ന് ഏരിയകളായി അന്താരാഷ്ട്ര സ്പോൺസർമാർക്ക് 970 ചതുരശ്രമീറ്റർ ഇവിടെ പ്രത്യേകം സജ്ജമാക്കിയിരിക്കും. ഇതായിരിക്കും സ്പോൺസർ ഏരിയ. സന്ദർശകർക്ക് സ്പോൺസർ ഏരിയകൾ അടുത്തറിയാനും വിശ്രമിക്കാനുമുള്ള പ്രത്യേക ഇടവും ഇവിടെ സജ്ജമാക്കുന്നുണ്ട്.
കുടുംബമേഖലയിൽ വിവിധ മന്ത്രാലയങ്ങൾക്കുള്ള പ്രത്യേകം ഇടങ്ങളും ഉണ്ടായിരിക്കും. കരകൗശല തൊഴിലാളികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും അനുവദിക്കുന്ന പ്രത്യേക കരകൗശല ചന്തയും ഇവിടെയുണ്ടാകും. 9260 ചതുരശ്രമീറ്ററായിരിക്കും കരകൗശല ചന്തയുടെ വിസ്തീർണം.
കുടുംബ മേഖലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഫാമിലി ഫാമിന് 18,000 ചതുരശ്രമീറ്റർ വിസ്തൃതിയാണുണ്ടായിരിക്കുക. എക്സ്പോ ഹരിതഗൃഹം, സ്ഥിരമായ കൃഷി ഉദ്യാനം, മൃഗശാല, കമ്പോസ്റ്റിങ് എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ഇതിലുൾപ്പെടുന്നത്. ഇതിന് സമീപത്തായി 6800 ചതുരശ്രമീറ്ററിൽ പ്രത്യേക പ്രദേശം വിവിധ പരിപാടികൾക്കായുള്ള വേദിയായും നിശ്ചയിച്ചിട്ടുണ്ട്.
കുടുംബ മേഖലയിൽ തന്നെയാണ് എക്സ്പോയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ജൈവവൈവിധ്യ മ്യൂസിയവും സ്ഥാപിക്കുക. ഇൻഡോർ 4510 ചതുരശ്രമീറ്ററും, ഔട്ട്ഡോർ 1500 ചതുരശ്രമീറ്ററുമാണ് വിസ്തൃതി. മേഖലയിലെ സമ്പന്നമായ സസ്യജന്തു ജാലങ്ങളെയും വൈവിധ്യമാർന്ന സമുദ്രജീവികളെയും സസ്യങ്ങളെയും ജൈവവൈവിധ്യ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പരിസ്ഥിതി ശാസ്ത്രവും പുനരുപയോഗിക്കാവുന്ന ഊർജസ്രോ തസ്സുകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനവും ഇവിടെയുണ്ടാകും. ഖത്തറിന്റെ ജൈവവൈവിധ്യം പ്രദർശിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രകൃതി, പരിസ്ഥിതി നയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും മ്യൂസിയം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
ദോഹ എക്സ്പോയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വിവിധ സമ്മേളനങ്ങളും മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി ഒരു കോൺഫറൻസ് സെന്റർ സാംസ്കാരിക മേഖലയിലുണ്ടാകും. 4440 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 200, 400 ഇരിപ്പിടങ്ങളുള്ള രണ്ട് ഡോമുകളാണ് കോൺഫറൻസ് സെന്ററിലുള്ളത്. 5000 പേരെ ഉൾക്കൊള്ളാൻ ശേഷിയിൽ 6000 ചതുരശ്രമീറ്ററിൽ ഗ്രാൻഡ് സ്റ്റാൻഡ് അറീനയും ഇവിടെ സ്ഥാപിക്കുന്നുണ്ട്.
പ്രദർശനങ്ങളും അതുമായി ബന്ധപ്പെട്ട ഇവന്റുകളും സംഘടിപ്പിക്കാൻ പ്രത്യേക എക്സിബിഷൻ സെന്ററും സാംസ്കാരിക മേഖലയിൽ സ്ഥാപിക്കും. രാജ്യത്തെ സർക്കാർ ഏജൻസികൾക്കുള്ള പ്രത്യേക പ്രദർശന പവലിയനുകളും ഇവിടത്തെ സവിശേഷതയാണ്.7620 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ബൊട്ടാണിക്കൽ ഗാർഡൻ എക്സ്പോക്കെത്തുന്ന സന്ദർശകർക്കുള്ള പ്രധാന സൗകര്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.