ദോഹ ഫോറത്തിന് ഇന്ന് തുടക്കം; അമീർ ഉദ്ഘാടനം ചെയ്യും

ദോഹ: 20ാമത് ദോഹ ഫോറം ശനിയാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്യും. രാജ്യാന്തര പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തിന് ഷെറാട്ടൺ ഗ്രാൻഡ് ദോഹ കൺവെൻഷൻ ഹാളാണ് വേദിയാവുന്നത്. രാവിലെ 10ന് അമീർ ഉദ്ഘാടനം ചെയ്യുന്ന ഫോറത്തിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്‍റ് അബ്ദുല്ല ഷാഹിദും പങ്കെടുക്കും.

തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ ലോകത്തിലെ വിവിധ രാഷ്ട്രനേതാക്കൾ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, വിദഗ്ധർ, ഗവേഷകർ, സാമൂഹികപ്രവർത്തകർ, ചിന്തകർ തുടങ്ങിയവർ പങ്കാളികളാവും. പുതുയുഗത്തിനായുള്ള മാറ്റം എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം സമ്മേളിക്കുന്നത്. രണ്ടാം ലോകയുദ്ധാനന്തരം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയുടെ കെടുതിയിൽനിന്നും ലോകം തിരികെയെത്തുന്നതു സംബന്ധിച്ചാണ് വിവിധ വിഷയങ്ങളിലായി ചർച്ച ചെയ്യുന്നത്. രാജ്യാന്തര ബന്ധം, സാമ്പത്തിക സംവിധാനങ്ങൾ, വികസനം, പ്രതിരോധം, സൈബർ, ഭക്ഷ്യ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ഫോറത്തിലെ ചർച്ചകൾ ശ്രദ്ധയൂന്നും.

200 ദശലക്ഷം ജനങ്ങൾ രോഗബാധിതരാവുകയും, ദശലക്ഷം പേർ മരണപ്പെടുകയും ചെയ്ത കോവിഡ് മഹാമാരിക്കുശേഷം, ലോകത്തെ വഴി നടത്താനുള്ള നിർദേശങ്ങളും ഫോറത്തിൽ ഉയരും. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ചൈനയുടെയും റഷ്യയുടെയും വർധിച്ചുവരുന്ന സ്വാധീനം, യൂറോപ്യൻ യൂനിയന്‍റെ പോരാട്ടം, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയും ചർച്ചകളുടെ അവിഭാജ്യ ഘടകമായി മാറും.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതിനിധി ജോൺ കെറി, ബിൽഗേറ്റ്സ്, മലാല യൂസുഫ് സായ്, ഡേവിഡ് ബെക്കാം തുടങ്ങി ആഗോള പ്രശസ്തർ ഉൾപ്പെടെ 230ഓളം പേർ വിവിധ വിഷയങ്ങളിൽ സംവദിക്കും.

Tags:    
News Summary - Doha Forum kicks off today; Amir will inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.