ദോഹ: ആറുദിനം പിന്നിട്ട ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ പവിലിയനിലേക്ക് സന്ദർശകരുടെ പ്രവാഹം. ഡി.ഇ.സി.സിയിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പുസ്തകമേളയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 37 രാജ്യങ്ങളിൽനിന്നുള്ള 500ഓളം പ്രസാധകർ പങ്കാളികളാകുന്ന 32ാമത് പുസ്തകമേള ജൂൺ 21ന് സമാപിക്കും.
അറബ് പ്രസാധകരുടെ വൻ പങ്കാളിത്തമുള്ള ബുക്ഫെയറിൽ ഖത്തറിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും പുസ്തകപ്രേമികളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. കുട്ടികളുമായി കുടുംബസമേതമെത്തി വൈവിധ്യമാർന്ന പുസ്തകങ്ങൾ സ്വന്തമാക്കി, സാഹിത്യ സെമിനാറുകളിലും മറ്റും സംബന്ധിച്ചാണ് ഏറെ പേരുടെയും മടക്കം.
സാഹിത്യ, ആനുകാലിക, വിദ്യാഭ്യാസ വിഷയങ്ങളിലെ കനപ്പെട്ട ചർച്ചകൾ, അറബ് കവികളും നോവലിസ്റ്റുകളും ഉൾപ്പെടെ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, അവരുടെ കൈയൊപ്പോടെ പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള അവസരം. അങ്ങനെ വായനപ്രേമികളുടെ, വിശേഷിച്ചും അറബ് സാഹിത്യകുതുകികളുടെ ഇടമായി മാറിയിരിക്കുന്നു ദോഹ അന്താരാഷ്ട്ര പുസ്തകമേള.
ഖത്തർ സാംസ്കാരിക മന്ത്രാലം, ഖത്തർ മ്യൂസിയംസ്, കതാറ കൾചറൽ വില്ലേജ് ബുക്സ്, ഖത്തർ യൂനിവേഴ്സിറ്റി പ്രസ്, ഖത്തർ ഫൗണ്ടേഷൻ തുടങ്ങി രാജ്യത്തെ മുൻനിര സ്ഥാപനങ്ങൾ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി കാത്തിരിക്കുന്ന പവിലിയനുകളാണ് പുസ്തകപ്രേമികളെ സ്വാഗതം ചെയ്യുന്നത്. വിശാലമായ ശേഖരവും പ്രദർശനവുമായാണ് ഈ പുസ്തകശാലകൾ ഒരുക്കിയത്. വിവിധ വിദേശ എംബസികളുടെ പവിലിയനുകളും ശ്രദ്ധേയമാണ്.
ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, റഷ്യ, അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെ രാജ്യങ്ങളുടെ പവിലിയനിൽ ഓരോ നാടിനെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. അറബ് സാഹിത്യ രചനകളുടെ വിപുലമായ ശേഖരവുമായി 500ഓളം പ്രസാധകർ പങ്കാളികളാകുന്നു എന്നതാണ് പുസ്തകമേളയുടെ ശ്രദ്ധാകേന്ദ്രം. പ്രമുഖ എഴുത്തുകാരുടെ കഥ, കവിത, നോവൽ സാഹിത്യങ്ങൾക്കും, പഠനാർഹമായ ലേഖനങ്ങൾക്കും ആവശ്യക്കാർ സജീവമാണ്.
ഇതിനു പുറമെ, ഖത്തർ ലോകകപ്പ് പശ്ചാത്തലത്തിൽ ഫുട്ബാൾ ലോകകപ്പുകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇത്തവണത്തെ മേളയിലെ മറ്റൊരു ആകർഷണീയത. ഖത്തർ ലോകകപ്പിനെയും, മുൻകാല ലോകകപ്പിനെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ, താരങ്ങളുടെ ജീവിതകഥകൾ, ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കതാറ പുറത്തിറക്കിയ ‘അറ്റ്ലസ്’ തുടങ്ങിയ പുസ്തകങ്ങൾ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ലഭ്യമാവുന്നു.
ഖത്തരികളും സൗദി, യു.എ.ഇ തുടങ്ങിയ അയൽ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും ഏറെയാണ്. ഇതിനു പുറമെ, മലയാളികൾ ഉൾപ്പെടെ പ്രവാസി ഇന്ത്യക്കാരും മറ്റും പുസ്തകങ്ങൾ തേടിയെത്തുന്നുണ്ട്. മലയാളി വായനക്കാരെ ഏറെ ആകർഷിക്കുന്നത് പുസ്തകമേളയിലെ ഐ.പി.എച്ച് പവിലിയനാണ്.
വിവിധ യൂറോപ്യൻ, അറബിക് പ്രസിദ്ധീകരണാലയങ്ങളുടെ വിവർത്തന ഗ്രന്ഥശേഖരം, കുട്ടികൾക്കുള്ള സാഹിത്യ രചനകളും കളിപുസ്തകങ്ങളും ഉൾപ്പെടെ എല്ലാ തലമുറക്കാരെയും സ്വാഗതം ചെയ്യുന്ന വിപുലമായ ശേഖരവും പുസ്തകമേളയുടെ സവിശേഷതയാണ്. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പുസ്തകമേള നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മുതലാണ് പ്രവേശനം.
ദോഹ: രൂപകൽപനയും ശേഖരങ്ങളുംകൊണ്ട് ആകർഷകമാണ് ദോഹ ബുക്ഫെയറിലെ സാംസ്കാരിക മന്ത്രാലയത്തിന്റെ പവിലിയൻ. ഖത്തരി പൈതൃകത്തെ രൂപകൽപനയിൽതന്നെ ഉൾക്കൊള്ളുന്നതാണ് കാഴ്ച. രാജ്യത്തിന്റെ വിവിധ മേഖലകളിലെ പൈതൃകം അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുടെ ശേഖരവും ശ്രദ്ധേയമാണ്. തീം അടിസ്ഥാനമാക്കി പുസ്തകങ്ങളും മറ്റും പ്രദർശനത്തിനും വിൽപനക്കുമായി വെച്ച് സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു.
പരമ്പരാഗത സംഗീത ഉപകരണങ്ങളും ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രദർശിപ്പിക്കുന്നതാണ് സംഗീത വിഭാഗം. പഴയ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരവും പവിലിയനിലുണ്ട്. പുസ്തകങ്ങൾക്കു പുറമെ ഖത്തറിന്റെ സാംസ്കാരിക പൈതൃകമായി കരുതുന്ന വസ്തുക്കളും അടയാളങ്ങളും പവിലിയനിൽ കാഴ്ചക്കാർക്കായി സൂക്ഷിച്ചിട്ടുണ്ട്.
അവയിലൊന്നാണ് പുരുഷന്മാർ മേൽകുപ്പായമായി അണിയുന്ന ബിഷ്ത്. ഖത്തരി ഹെറിറ്റേജുകളിൽ ഒന്നായി ഐക്യരാഷ്ട്രസഭയുടെ പട്ടികയിൽ ഇടംനേടാനായി ശ്രമിക്കുന്ന ‘ബിഷ്ത്’ വിദേശ സന്ദർശകരെയും ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.