ദോഹ: ആഭരണ പ്രേമികൾക്ക് ഉത്സവകാലമായി ദോഹ ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ തിരികെയെത്തുന്നു. മേയ് ഒമ്പത് മുതൽ 13 വരെ നടക്കുന്ന ആഭരണ-വാച്ച് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്റർ വേദിയാവും. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആഭരണ നിർമാതാക്കളുടെയും ഡിസൈനർമാരുടെയും സംഗമമായി മാറുന്ന എക്സിബിഷന്റെ മുഖ്യ ആകർഷണമായി ബോളിവുഡ് താരം ആലിയ ഭട്ട് എത്തും.
ഖത്തർ ടൂറിസത്തിനു കീഴിലാണ് 18ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 65 പ്രദർശന സ്റ്റാളുകളിലായി 500ലേറെ രാജ്യാന്തര ആഭരണ, വാച്ച് ബ്രാൻഡുകൾ എക്സിബിഷന്റെ ഭാഗമാവും. 19 പ്രമുഖ ഖത്തരി ഡിസൈനർമാർക്കൊപ്പം ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നുള്ള ശ്രദ്ധേയ പവിലിയനുകളും ഇത്തവണത്തെ ആകർഷകതയാണ്. കോവിഡ് കാരണം രണ്ടുവർഷമായി മുടങ്ങിയ പ്രദർശനം തിരികെയെത്തുമ്പോൾ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് വിഭാഗം മേധാവി ഹിസ ആൽഥാനി പറഞ്ഞു.
ആഭരണ പ്രദർശന വിഭാഗത്തിൽ മേഖലയിലെ തന്നെ ഏറ്റവും നിലവാരം നിലനിർത്തുന്ന മേളകൂടിയാണ് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ. അത്യാഡംബര ശേഖരം മുതൽ, ഏറ്റവും ചുരുങ്ങിയ വിലയിലുള്ളതുവരെയുള്ള ആഭരണങ്ങൾ പ്രദർശനത്തിൽ ലഭ്യമാവും. പരമ്പരാഗതവും ആധുനികവും ക്ലാസിക്കലുമായ നിരവധി ഡിസൈനുകളും ഇവിടെ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഉച്ച 12 മുതൽ രാത്രി പത്തുവരെയാണ് പ്രദർശനം. വെള്ളിയാഴ്ചകളിൽ നാല് മുതൽ രാത്രി പത്തുവരെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.