ദോഹ: ഖത്തറിലെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി പഴയ ദോഹ തുറമുഖം. ലോകകപ്പ് ഫുട്ബാളോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, സഞ്ചാരികളെ വരേവൽക്കുന്ന ദോഹ പോർട്ട് ഇന്ന് മിഡിലീസ്റ്റിൽനിന്നുള്ള കൂടുതൽ സന്ദർശകർ എത്തിപ്പെടാൻ താൽപര്യപ്പെടുന്ന കേന്ദ്രമാവുകയാണെന്ന് സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
സന്ദർശകർക്ക് വേറിട്ട സമുദ്രാനുഭവം ലക്ഷ്യമിട്ട് തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അൽ മുല്ല കൂട്ടിച്ചേർത്തു.ഈ വർഷം നവംബർ നാല് മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ഖത്തർ ബോട്ട് പ്രദർശനം 2024മായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര സാധ്യതകൾക്ക് ഇത്തരം പ്രദർശനങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നും, 20,000ലധികം വിദേശ സന്ദർശകരെയാണ് ബോട്ട് പ്രദർശനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.എട്ട് ലക്ഷം ചുതരശ്രമീറ്റർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന പഴയ ദോഹ തുറമുഖ മേഖലയിൽ 160 മീറ്റർ നീളമുള്ള എല്ലാ ബോട്ടുകളും 450 ബെർത്തുകളിൽ കൊള്ളും.
40 മുതൽ 160 മീറ്റർ വരെയുള്ള 53 ബെർത്തുകളാണുള്ളത്. കൂടാതെ 50 ഭക്ഷണ പാനീയ കിയോസ്കുകളും നൂറിലധികം ഷോപ്പുകളും 150 ഹോട്ടൽ അപ്പാർട്മെന്റുകളും ഇവിടെയുണ്ട്. പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെയെത്തുന്നത്.
495 പ്രദർശകരും ബ്രാൻഡുകളും പങ്കെടുക്കുന്ന ബോട്ട് പ്രദർശനം സമുദ്ര നവീകരണത്തിലും ആഡംബരത്തിലും ഏറ്റവും പുതിയ സാധ്യതകൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.