ദോഹ: രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമായി മാറുന്ന ഡ്രൈവറില്ലാ വാഹനങ്ങളുടെ പുതുഘട്ടത്തിലേക്ക് ചുവടുവെച്ച് ഗതാഗത മന്ത്രാലയം. ഡ്രൈവറില്ലാതെ ഓടുന്ന ഓട്ടോണമസ് വാഹന ശ്രേണിയായ ‘ലെവൽ ത്രീ’ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യം തയ്യാറാക്കുന്നതിന്റെ ഘട്ടം സംബന്ധിച്ച് വിശദാംശങ്ങൾ അധികൃതർ പങ്കുവെച്ചു.
ഡ്രൈവറുടെ ആവശ്യമില്ലാതെ നഗരത്തിരക്കിൽ ഓടാനും സർവീസ് നടത്താനും കഴിയുന്ന കഴിയുന്ന വാഹനങ്ങളാണ് ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾ. അതേസമയം, ലെവൽ ത്രീയിൽ സിസ്റ്റം പരാജയപ്പെടുകയാണെങ്കിൽ ഡ്രൈവർ നിയന്ത്രണം ഏറ്റെടുക്കാൻ സജ്ജമായിരിക്കും. ഹൈവേകളിലെ ദീർഘദൂര ഓട്ടങ്ങൾക്കും സജ്ജമായ രീതിയിലായിരിക്കും ലെവൽ 3 ഓട്ടോമേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓട്ടോണമസ് വാഹനങ്ങൾ എന്ന പദ്ധതിക്കു കീഴിൽ ഖത്തറിലെ ലെവൽ 3 ഓട്ടോണമസ് വാഹനങ്ങളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതായി പൊതു ഗതാഗത വകുപ്പ് പ്രൊജക്ട് മാനേജർ മിസ്നദ് അലി അൽ മിസ്നദ് പറഞ്ഞു. അതിവേഗം വികസിക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ സാങ്കേതികവിദ്യക്ക് അനുസൃതമായി എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന അഞ്ച് വർഷങ്ങൾക്കുള്ളിൽ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും, ലോകത്തിലെ പൊതുഗതാഗത സംവിധാനത്തിൽ അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കൊപ്പം മുന്നേറുകയാണ് ലക്ഷ്യമെന്നും ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അൽ മിസ്നദ് കൂട്ടിച്ചേർത്തു.
ലോകത്തിലെ ഗതാഗത മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ആയ ഓട്ടോണമസ് വാഹനങ്ങളുമായി ബന്ധപ്പെട്ടും ഈ സാങ്കേതികവിദ്യയെയും വിലയിരുത്തി മന്ത്രാലയം പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാങ്കേതികവിദ്യയുടെ അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷാവശം, ആവശ്യമായ നിയമനിർമാണം തുടങ്ങി ഏഴ് പ്രധാന കാര്യങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള അഞ്ച് വർഷത്തേക്കുള്ള പദ്ധതിയാണ് മന്ത്രാലയം ആവിഷ്കരിച്ചത്.
വരും വർഷങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരും.ഒന്ന് മുതൽ അഞ്ച് വരെയുള്ള തലങ്ങളിലാണ് ഓട്ടോണമസ് വാഹനങ്ങൾ വർഗീകരിക്കപ്പെടുന്നത്. ഉയർന്ന തലങ്ങളിൽ ഉദാഹരണത്തിന് ലെവൽ അഞ്ചിൽ വാഹനത്തിന് ഡ്രൈവറുടെ ആവശ്യമില്ലാത്തതിനാൽ മനുഷ്യ ഇടപെടൽ തീരെ കുറയും.
എന്നാൽ ലെവൽ അഞ്ച് ലോകത്തിൽ എവിടെയും നടപ്പാക്കിയിട്ടില്ല -അൽ മിസ്നദ് വിശദീകരിച്ചു.മികച്ചതും പാരിസ്ഥിതിക സൗഹൃദവുമായ ട്രാൻസിറ്റ് സംവിധാനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഈ വർഷം സെപ്തംബറിലാണ് ഗതാഗത മന്ത്രാലയം ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.