ദോഹ: ഒരാഴ്ചയിലേറെ നീണ്ടുനിന്ന പെരുന്നാൾ ആഘോഷ വേളയിൽ വിനോദ കേന്ദ്രങ്ങൾക്ക് പുറമെ സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറിയത് മാളുകളായിരുന്നു. പെരുന്നാളിന് മുമ്പ് ഷോപ്പിങ് തിരക്കുകളാൽ വീർപ്പുമുട്ടിയ മാളുകൾ ഈദിന്റെ ആദ്യ ദിനം മുതൽ, സന്ദർശകരാൽ നിറഞ്ഞു. രാജ്യത്തെ വിവിധ മാളുകളിൽ വൈവിധ്യമാർന്ന ഈദ് പരിപാടികളാണ് സംഘടിപ്പിച്ചത്. സിറ്റി സെന്റർ, പ്ലേസ് വെൻഡോം, ലഗൂണ മാൾ, ലാൻഡ്മാർക്ക് മാൾ, അൽഖോർ മാൾ, ഹയാത്ത് പ്ലാസ, മാൾ ഓഫ് ഖത്തർ, ഗൾഫ് മാൾ, അൽ ഹസം, ദോഹ ഫെസ്റ്റിവൽ സിറ്റി തുടങ്ങി രാജ്യത്തെ പ്രധാന മാളുകളിലെല്ലാം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും വിനോദ പ്രവർത്തനങ്ങളും തുടരുകയാണ്.
മാൾ ഓഫ് ഖത്തറിൽ ഔട്ടർ സ്പേസ് സർക്കസ് ഉൾപ്പെടെയുള്ള പരിപാടികൾ കാണാൻ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള പ്രദർശനം തടിച്ചുകൂടിയ ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായിരുന്നെന്ന് മാൾ ഓഫ് ഖത്തറിലെത്തിയ ക്രിസ്റ്റീൻ ജോസഫ് പറയുന്നു. ഓരോ തവണ മാൾ ഓഫ് ഖത്തറിൽ വരുമ്പോഴും വ്യത്യസ്തമായ ഒരു ഷോ ഇവിടെയുണ്ടാകുമെന്നും അതിനാൽ മാൾ ഓഫ് ഖത്തർ എപ്പോഴും എന്നെയും കുടുംബത്തെയും ആകർഷിക്കുന്നതാണെന്നും ക്രിസ്റ്റീൻ ജോസഫ് പറഞ്ഞു.
പ്രപഞ്ചത്തിൽ കാണുന്ന അതിമനോഹരമായ കാഴ്ചകൾ പ്രമേയമാക്കി ബഹിരാകാശ യാത്രികർ സാക്ഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഔട്ടർ സ്പേസ് സർക്കസിൽ ചിത്രീകരിക്കുന്നത്. ഏരിയൽ അക്രോബാറ്റുകൾ, ജഗ്ലർമാർ, യൂണിസൈക്ലിസ്റ്റുകൾ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഔട്ടർ സ്പേസ് സർക്കസിലുണ്ട്. ഏപ്രിൽ 29 വരെ മാളിലെ ഒയാസിസ് സ്റ്റേജിങ് ഏരിയയിൽ നടക്കുന്ന ഔട്ടർ സ്പേസ് സർക്കസിന് വൈകീട്ട് അഞ്ചിനും ആറിനും ഒമ്പതിനുമായി മൂന്നു പ്രദർശനങ്ങളാണുള്ളത്.
താമസക്കാരെയും പൗരന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികൾ രാജ്യത്തെ മറ്റു മാളുകളിലും തുടർന്നു കൊണ്ടിരിക്കുകയാണ്. മാൾ ഓഫ് ഖത്തറിലെ ‘ഔട്ടർ സ്പേസ് സർക്കസ്’ പരിപാടി ശനിയാഴ്ച വരെ തുടരും. ദിവസവും വൈകീട്ട് അഞ്ച് മണി, 6.30, ഒമ്പത് എന്നീ സമയങ്ങളിലായി ഒയാസിസ് സ്റ്റേജിലാണ് ഷോ. പ്രവാസി മലയാളികൾ കുടുംബസമേതമെത്തി മാളുകളിൽ സമയം ചെലവഴിക്കുന്ന കാഴ്ചകളും
സജീവമാണ്. ഹയ്യ ഉൾപ്പെടെയുള്ള സന്ദർശന വിസയിലെത്തിയ നിരവധി മലയാളി കുടുംബങ്ങളാണ് ഇത്തവണ ഖത്തറിൽ പെരുന്നാൾ കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.