ദോഹ: കോവിഡ് ഭീഷണിമാറി, ആഘോഷങ്ങളുടെ അവധിക്കാലമടുത്തതോടെ വിദേശ യാത്രക്ക് ഒരുങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നു. ഈദിനോടനുബന്ധിച്ച് കുടുതൽ ദിവസങ്ങൾ ലഭിക്കുന്നതിനാൽ വിദേശ രാജ്യങ്ങളിലേക്ക് ടൂറടിക്കാൻ പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ളവരുടെ തിരക്ക് വർധിച്ചതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽനിന്നുള്ളവർ പറയുന്നു. അതോടൊപ്പം, യാത്രക്കാരുടെ ഇഷ്ട നഗരങ്ങളുടെയും രാജ്യങ്ങളുടെയും എണ്ണവും വർധിച്ചു. ലണ്ടൻ, തുർക്കിയ, സൗദി അറേബ്യ, ദുബൈ, തായ്ലൻഡ്, ജോർജിയ, മാലിദ്വീപ്, സൈപ്രസ് എന്നീ രാജ്യങ്ങളിലേക്കാണ് ഖത്തറിൽനിന്നും ഏറെ പേരുടെയും അവധി യാത്ര. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ബന്ധുക്കളെ സന്ദർശിക്കാനുമെല്ലാമായി ആളുകൾ യാത്ര ഷെഡ്യൂൾചെയ്യുന്നുണ്ട്.
സൗദി അറേബ്യ ഈയിടെ അനുവദിച്ച ഇ-വിസയിലൂടെ ഖത്തറിൽനിന്നും നിരവധി തീർഥാടകരാണ് പ്രയോജനമെടുക്കുന്നത്. വിസ നടപടികൾ ലളിതമാക്കിയതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് ഉംറ നിർവഹിക്കാനായി പുറപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
സൗദിയിലേക്കുള്ള സന്ദർശന, ഉംറ വിസ നടപടികൾ ലളിതമാക്കിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചതായും പെരുന്നാൾ അവധിക്കാലമെത്തുന്നതോടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണവും വർധിച്ചതായി വിക്ടോറിയ ട്രാവൽസിലെ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ അഹ്മദ് അതാ പറഞ്ഞു.
ലണ്ടൻ, തുർക്കി, സൗദി അറേബ്യ, ദുബൈ, തായ്ലൻഡ്, ജോർജിയ, മാലിദ്വീപ്, സൈപ്രസ് ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കമ്പനി ഇതിനകം 10,000ലധികം ടിക്കറ്റുകൾ വിറ്റതായി അദ്ദേഹം വ്യക്തമാക്കി. തീർഥാടകർ യാത്രാ പാക്കേജുകൾ വാങ്ങുന്നതിനാണ് താൽപര്യം കാണിക്കുന്നത്. ലക്ഷ്യസ്ഥാനത്തെ അപേക്ഷിച്ച് പാക്കേജുകളുടെ വില വ്യത്യാസപ്പെട്ടിരിക്കുന്നു.
2900 റിയാൽ മുതൽ ഇഷ്ടാനുസരണം യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നതായും സൗദി അറേബ്യ, ജോർജിയ തുടങ്ങിയ പാക്കേജുകളിൽ വിമാന ടിക്കറ്റുകൾ, താമസം, ഗതാഗതം എന്നിവ ഉൾപ്പെടുന്നതായും അതാ പറഞ്ഞു. ഖത്തരികൾക്ക് യൂറോപ് ഒരു പൊതു ആകർഷണമായി തുടരുന്നു. അതേസമയം, ജോർജിയ, തുർക്കിയയെ പോലുള്ള സ്ഥലങ്ങളിലേക്കാണ് മറ്റുള്ളവർ മുൻഗണന നൽകുന്നത്.
ഈദിനോടനുബന്ധിച്ച് സർക്കാർ മേഖലയിൽ ഒരാഴ്ചയോളം അവധിയുണ്ടാവും. സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതൽ ദിവസം അവധിയുണ്ട്. ഇതിനൊപ്പം കൂടുതൽ ദിവസങ്ങൾകൂടി എടുത്താണ് പലരുടെയും ടൂർ പ്ലാനിങ്ങുകൾ. നാട്ടിലേക്കുള്ള യാത്രയോളം മറ്റിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്ലെന്ന് ദോഹയിലെ മറ്റൊരു ട്രാവൽ ഏജന്റ് പ്രതികരിച്ചു. നിലവിൽ ദോഹയിൽനിന്നും കേരളത്തിലേക്ക് 30000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.