ദോഹ: ബലിപെരുന്നാൾ കാലയളവിൽ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ആടുകളുടെ വിൽപന ശനിയാഴ്ച ആരംഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിഡാം ഫുഡ് കമ്പനി, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വിൽപന. ജൂൺ 19 ബുധനാഴ്ച വരെ ഇതു തുടരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ബലിപെരുന്നാൾ കാലത്ത് വിപണി ക്രമപ്പെടുത്തുക, ചരക്കുകൾക്ക് താങ്ങുവില നൽകുക, വില സ്ഥിരപ്പെടുത്തുക, വിതരണത്തിന്റെ ആവശ്യം വർധിക്കുന്ന സീസണുകളിൽ പ്രാദേശിക വിപണിയെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ദേശീയ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ബലിപെരുന്നാൾ സീസണിൽ മാംസത്തിന്റെ അന്യായ വിലക്കയറ്റം തടയാനും മന്ത്രാലയം സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. തദ്ദേശീയവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകളെ സബ്സിഡി നിരക്കിൽ വിൽക്കുന്നതിനും ആടുകളുടെ അവയുടെ ഇനവും വിലയും അടിസ്ഥാനമാക്കി പൗരന്മാർക്ക് ന്യായവിലയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം വിഡാം ഫുഡ് കമ്പനിയുമായി ധാരണയിലെത്തി. പ്രാദേശിക ആടുകൾക്കും ഇറക്കുമതി ചെയ്ത ആടുകൾക്കും (40 കിലോയും അതിൽ കൂടുതലും) 1000 റിയാലായിരിക്കും വില.
അൽ ഷമാൽ, അൽഖോർ, ഉംസലാൽ, അൽ വക്റ, അൽ ഷീഹാനിയ എന്നിവിടങ്ങളിലെ വിഡാം ഫുഡ് കമ്പനിയുടെ അറവുശാലകളിൽനിന്നായിരിക്കും ബലിയറുക്കപ്പെട്ട ആടുകളുടെ വിൽപന. ലോഡിങ്, അറവ്, കട്ടിങ്, പാക്കേജിങള എന്നിവയടക്കം 50 റിയാൽ അധിക ചാർജ് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.