ദോഹ: പേൾ ഖത്തറിലേക്കുള്ള മുവാസലാത്തിന്റെ മുഴുവൻ ബസുകളും ഇനി ഇലക്ട്രിക്കൽ. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മുവാസലാത്തിനു കീഴിൽ പേളിലേക്ക് ഓടുന്ന ബസുകളെല്ലാം ഇലക്ട്രിക്കലായി മാറ്റാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മെട്രോ ലിങ്ക്, എട്ട് പി.വി.ആർ (പീക്ക് വെഹിക്ൾ റിക്വയർമെന്റ്) ബസുകളാണ് നിലവിൽ പേളിലേക്ക് സർവിസ് നടത്തുന്നത്. ഇവയെല്ലാം ഇനി ഇലക്ട്രിക്കലായിരിക്കും.
ലോകകപ്പ് വേളയിൽ തെരുവിലുടനീളം ഇലക്ട്രിക്കൽ ബസുകൾ ഓടിച്ച്, സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതവുമായി അതിശയിപ്പിച്ച മുവാസലാത്തിന്റെ ടൂർണമെന്റാനന്തര പദ്ധതികളുടെ തുടർച്ചയാണ് ഇതും. ലോകകപ്പിനു ശേഷം, രാജ്യത്തെ പൊതുഗതാഗതം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് മുവാസലാത്തും ഖത്തർ ഭരണകൂടവും നേരത്തേ പ്രഖ്യാപിച്ചിരുന്നു. 3000ത്തോളം ഇലക്ട്രിക് ബസുകളാണ് ലോകകപ്പ് വേളയിൽ മുവാസലാത്ത് നിരത്തിലിറക്കിയത്. എട്ട് സ്റ്റേഡിയങ്ങളെ ബന്ധിപ്പിച്ചും മെട്രോ സ്റ്റേഷനുകൾ, ഫാൻ സോൺ തുടങ്ങിയ കാണികൾ എത്തുന്ന കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്തിയും ഇവ ലോകമെങ്ങുമുള്ള കാണികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.