ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയുടെ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) സമിതികളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. ഐ.സി.സിയിലേക്ക് 91 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. എ.ഒ പ്രതിനിധി വോട്ടെടുപ്പിൽ 95 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി.
ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) തെരഞ്ഞെടുപ്പ് ശനിയാഴ്ച ഉച്ച മൂന്നു മുതൽ രാത്രി ഒമ്പത് മണിവരെ നടക്കും.വെള്ളിയാഴ്ച രാവിലെ എട്ടിനു തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിജി ആപ്പ് വഴി വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. അവധിയുടെ ആലസ്യമൊന്നുമില്ലാതെ രാവിലെതന്നെ അംഗങ്ങൾ ആപ്ലിക്കേഷൻ വഴി തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താൻ തുടങ്ങി.
എന്നാൽ, നാലു ശതമാനം വോട്ടിങ് പിന്നിട്ടപ്പോൾ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയുടെ പേര് പട്ടികയിൽ കാണാത്തത് ആശങ്ക ഉയർത്തി. ഐ.സി.സി മാനേജിങ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന താഹ വലിയവളപ്പിലിന്റെ പേരാണ് പട്ടികയിൽ നിന്നും അപ്രത്യക്ഷമായത്.
പരാതി ഉയർന്നതോടെ അടിയന്തര ഇടപെടലിലൂടെ പേരു ചേർത്ത് വോട്ടിങ് പുനരാരംഭിച്ചു. നേരത്തേ രണ്ടു തവണ ഡിജി ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്ന് വോട്ടെടുപ്പ് മുടങ്ങിയിരുന്നു.
എന്നാൽ, ഇത്തവണ തടസ്സങ്ങളൊന്നുമില്ലാതെ വോട്ടു ചെയ്യാൻ കഴിഞ്ഞെന്ന് വോട്ടർമാർ പറഞ്ഞു. ആപ്പിൽ പ്രവേശിച്ച് വെരിഫിക്കേഷനും വോട്ടും കഴിഞ്ഞ ശേഷം ഒ.ടി.പിക്കായി അധികം കാത്തിരിപ്പും വേണ്ടിവന്നില്ല. വോട്ടെടുപ്പ് മൂന്ന് വ്യത്യസ്ത സമയങ്ങളിലേക്ക് മാറ്റിയതോടെ കൂടുതൽ വോട്ടർമാർ ഒരേസമയം ഇടിച്ചുകയറുന്നത് ഒഴിവായത് ആപ്പിന്റെ പ്രവർത്തനം എളുപ്പമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.