ദോഹ: ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി ജർമനിയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബർലിനിൽ ചാൻസലർ ഒലഫ് ഷോൾസുമായി ചർച്ചനടത്തി.
ഖത്തറും ജർമനിയും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചയിൽ ഇരുരാഷ്ട്ര നേതാക്കളും ചർച്ചചെയ്തു.
വിദ്യാഭ്യാസ, സാമ്പത്തിക, നിക്ഷേപ, ഊർജ, പ്രതിരോധ മേഖലകളിൽ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
മേഖല, അന്തർദേശീയതലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുതാൽപര്യ വിഷയങ്ങളും അമീർ-ചാൻസലർ ചർച്ചയിൽ വിശകലനം ചെയ്തു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമീരി ദീവാൻ ചീഫ് സഈദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ധനകാര്യമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, ഊർജ സഹമന്ത്രി സഅദ് ബിൻ ശെരീദ അൽ കഅ്ബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജർമൻ ഭരണകൂടത്തിലെ ഉന്നത വ്യക്തിത്വങ്ങളും ചർച്ചയിൽ പങ്കെടുത്തു.
നേരത്തേ പ്രസിഡന്‍റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റിൻമിയർ, വൈസ് ചാൻസലർ റോബർട്ട് ഹാബെക് എന്നിവരെയും അമീർ സന്ദർശിച്ചിരുന്നു. സ്പാനിഷ് സന്ദർശനം പൂർത്തിയാക്കിയാണ് അമീർ ബർലിനിലെത്തിയത്.
ദോഹ: ഖത്തറും ജർമനിയും തമ്മിലുള്ള ബന്ധം ഏറെ തന്ത്രപരവും സവിശേഷവുമാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ബർലിനിലെ ചാൻസലറിയിൽ ജർമൻ ചാൻസലർ ഒലഫ് ഷോൾസുമൊത്ത് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജർമൻ സന്ദർശനത്തിലും ചാൻസലറുമായുള്ള കൂടിക്കാഴ്ചയിലും ഏറെ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അമീർ കൂട്ടിച്ചേർത്തു.
ജർമനിയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്ന് ഖത്തറാണെന്നും ഈ നിക്ഷേപങ്ങൾ വർധിപ്പിക്കാനായി ഖത്തർ പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞവർഷം ഇരുവരും തമ്മിലുള്ള വ്യാപാര വ്യാപ്തി 80 ശതമാനം വർധിച്ച് ബില്യൻ ഡോളറിലധികമായെന്നും ദോഹയിൽ ഫോക്സ്വാഗനും ജർമൻ ചെറുകിട, ഇടത്തരം സംരംഭക സമിതികളും ഈയിടെ തുറന്ന പ്രാദേശിക ഓഫിസുകളും അമീർ സംസാരത്തിനിടെ പരാമർശിച്ചു.
ഈ വർഷം അവസാനത്തിൽ ഖത്തർ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ തയാറെടുപ്പുകൾ സംബന്ധിച്ച് ചാൻസലറുമായി സംസാരിച്ചെന്നും ഇതുവരെ ജർമനിയിൽനിന്നും ആറുലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും ജർമൻ ആരാധകരെ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.