ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനും അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു അമീർ തുർക്കിയയിലെത്തിയത്. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവ വികാസങ്ങൾ ചർച്ചയായതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിലെയും ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളും ഇരു രാഷ്ട്രനേതാക്കളും ചർച്ച നടത്തി. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനും, മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനുമായി ഖത്തറും തുർക്കിയയും ചേർന്ന് പ്രവർത്തിക്കുമെന്ന് അമീർ കൂടിക്കാഴ്ചക്കുശേഷം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സന്ദർശനശേഷം അമീർ വൈകീട്ടോടെ ദോഹയിലേക്ക് മടങ്ങി.
അന്താരാഷ്ട്ര സമ്മർദങ്ങളെയും യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങളെയും തള്ളി ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഖത്തർ അമീറും തുർക്കിയ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണമാക്കിയിരുന്നു. കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അമീറിനെ ഫോണിൽ വിളിച്ച് മേഖലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.